തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. കണ്ണകി ദേവിയെ കാപ്പുകെട്ടി ക്ഷേത്ര നടക്കു മുമ്പായി കുടിയിരുത്തിയതോടെയാണ് ഉത്സവ ചടങ്ങുകള്‍ ആരംഭിച്ചത്. ഇനിയുള്ള 10നാള് അനന്തപുരി ഭക്തിസാന്ദ്രമാണ്.
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് തുടക്കമായി. കണ്ണകി ദേവിയെ കാപ്പുകെട്ടി ക്ഷേത്രനടയില്‍ കുടിയിരുത്തിയതോടെയാണ് ക്ഷേത്രോത്സവ ചടങ്ങുകള്‍ക്ക് തുടക്കമായത്.
തന്റെ നേത്രാഗ്നിയില്‍ നിന്നും മധുര നഗരത്തെ ചുട്ടെരിച്ച കണ്ണകിയുടെ കഥ പറയുന്ന പാട്ടോടു കൂടിയാണ് തോറ്റം പാട്ട് ആരംഭിക്കുന്നത്. വിവിധ ഐതീഹ്യങ്ങളുടെ ചുവടു പിടിച്ചുള്ള ചിലപതികാരത്തിലെ കഥകളാണ് പാട്ടിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്നത്. ഉത്സവത്തിന്റെ മൂന്നാം ദിനമായ വ്യാഴാഴ്ച കുത്തിയോട്ട വ്രതം ആരംഭിക്കും.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയ പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല 20 നാണ് നടക്കുക. ഇനിയുള്ള ദിനങ്ങള്‍ അനന്തപുരി ഭക്തി സാന്ദ്രമാണ്. ക്ഷേത്രവും പരിസരം വൈദ്യുത ദീപാലങ്കാരങ്ങളാല്‍ മുഖരിതമാണ്.