തൃശൂര്‍: പിഎസ് സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ തസ്തികയിലേക്ക് കരാര്‍ തൊഴിലാളികളെ നിയമിക്കുന്നതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത്. റാങ്ക് ലിസ്റ്റിലുള്ള അയ്യായിരത്തോളം ഉദ്യോഗാര്‍ത്ഥികള്‍ നിലനില്‍ക്കെയാണ് കരാര്‍ തൊഴിലാളികളെ നിയമിച്ചത് .
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഡ്രൈവര്‍ തസ്തികകളിലേക്ക് നടത്തിയ പരീക്ഷയില്‍ നിന്ന് 5000 ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുത്തു കൊണ്ടുള്ള റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. ഇത് നിലനില്‍ക്കെ 62 തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ തൊഴിലാളികളെ എടുത്തതാണ് പ്രതിഷേധത്തിന് വഴി വച്ചത്.
റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ കരാര്‍ തൊഴിലാളികളെ നിയമിക്കരുതെന്ന ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഒഴിവുകളില്‍ ഉടന്‍ നിയമനം നടത്തണമെന്ന് റാങ്ക്ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു .
റാങ്ക് ലിസ്റ്റ് പ്രഹസനമാക്കി സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയാണെന്ന് ഇവര്‍ വിമര്‍ശിക്കുന്നു. കരാര്‍ തൊഴിലാളികളെ നിയമിച്ച തൃശൂര്‍ ചരക്ക് സേവന നികുതി ഓഫീസില്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധം നടത്തി.