പാലക്കാട്: പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപീകരിക്കുമെന്ന ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിലെ വാഗ്ദാന ലംഘനത്തിനെതിരെയും, കൊക്കകോളയെ വീണ്ടും പ്ലാച്ചിമടയിലേക്കെത്തിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയും സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനൊരുങ്ങി പ്ലാച്ചിമട കൊക്കക്കോള വിരുദ്ധ സമരസമിതി. ഈ മാസം 26 ന് ‘കേരളം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് എന്ന പേരില്‍ ലോങ്ങ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സമിതി വ്യക്തമാക്കി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണല്‍ രൂപീകരിക്കുമെന്നത്. എന്നാല്‍, പിണറായി സര്‍ക്കാര്‍ ഇതുവരെയും ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും, ബാധിക്കപ്പെട്ട ഇരകള്‍ക്ക് അവശ്യമായ നഷ്ട പരിഹാരം നല്‍കാതെ കോളക്കമ്പനിയെ വീണ്ടും പ്ലാച്ചിമടയിലേക്ക് എത്തിക്കുകയാണെന്നും ആരോപിച്ചാണ് പ്ലാച്ചിമട കൊക്കകോള വിരുദ്ധ സമരസമിതി പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്.
ഈ മാസം 26 ന് ‘കേരളം മുഖ്യമന്ത്രിയുടെ വസതിയിലേക്ക്, എന്ന പേരില്‍ ലോങ്ങ് മാര്‍ച്ച് നടത്തും, ശേഷം സംസ്ഥാനം ഒട്ടാകെ ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും, ഇടത്പക്ഷത്തിന്റെ വാഗ്ദാന ലംഘനം ജനങ്ങള്‍ക്ക് മുന്പില് തുറന്നു കാട്ടുമെന്നും സമരസമിതി വ്യക്തമാക്കി.