തൃശൂര്‍: അടിസ്ഥാന സൗകര്യങ്ങളില്ലാതെ അഫിലിയേഷന് അവസാനിക്കാനിരിക്കുന്ന ഒല്ലൂര്‍ ഗവര്‍മെന്റ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സമരവുമായി തെരുവിലേക്ക്. പ്രവര്‍ത്തനം തുടങ്ങി അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും സ്വന്തമായി സ്ഥലമോ കെട്ടിടമോ കോളേജിനില്ല .
ഒരു നിയോജകമണ്ഡലത്തില്‍ ഒരു കോളേജ് എന്ന പേരില്‍ 2014 ലാണ് ഒല്ലൂരില്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ആരംഭിക്കുന്നത്. സ്ഥലവും കെട്ടിടവും എംഎല്‍എ സജ്ജമാക്കി നല്‍കണമെന്നായിരുന്നു പദ്ധതിയുടെ നിബന്ധന. എന്നാല്‍ മാറി മാറി വരുന്ന യുഡിഎഫ് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഈ കോളേജിനെ തീര്‍ത്തും അവഗണിക്കുകയാണ്.
ഒരു കോളേജിനു പ്രവര്‍ത്തിക്കാന്‍ അഞ്ചേക്കര്‍ സ്ഥലം സ്വന്തമായി വേണം എന്നാണ് ചട്ടം. എന്നാല്‍ സമീപത്തെ ഹയര്‍സെക്കന്ററി കോളേജിലെ കെട്ടിടത്തിലാണ് 300 ലധികം കുട്ടികള്‍ പഠിക്കുന്നത് . ഒരു നിയോജകമണ്ഡലത്തില്‍ ഒരു കോളേജ് എന്ന പദ്ധതി പ്രകാരം ഉത്തരവാദിത്വമുള്ള എംഎല്‍എ നിരന്തരം കോളേജിനെ അവഗണിക്കുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു .
അഫിലിയേഷന് അടുത്തമാസം അവസാനിക്കാനിരിക്കേ അംഗീകാരം നീട്ടി ലഭിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ശാശ്വത പരിഹാരം സ്ഥലവും കെട്ടിടവും കണ്ടെത്തുക എന്നതാണ് . സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ ഒല്ലൂര്‍ എംഎല്‍എ കെ.രാജന്റെ ഓഫീസിലേക്ക് കോളേജ് യൂണിയന് മാര്‍ച്ച നടത്തി.