ന്യൂഡൽഹി : നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് സമാജ്വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ്. പതിനാറാം ലോക്സഭയുടെ അവസാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം എം.പിമാരും വീണ്ടും ജയിച്ചു വരട്ടെയെന്ന് ആശംസിക്കുന്നു. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകട്ടെയെന്നും ആഗ്രഹിക്കുന്നതായി നിറഞ്ഞ കയ്യടികൾക്കിടെയാണ് അദ്ദേഹം പറഞ്ഞത്. പ്രധാനമന്ത്രി ഇതിനെ ചിരിയോടെ സ്വാഗതം ചെയ്യുകയും ചെയ്തു.എല്ലാവരേയും ഒരുമിപ്പിച്ചു കൊണ്ടുപോകാൻ പ്രധാനമന്ത്രി ശ്രമിച്ചതായും അദ്ദേഹം എടുത്തു പറഞ്ഞു.
ബിജെപിക്കെതിരെ യുപിയിൽ ബിഎസ്പിക്കൊപ്പം ഒരുമിച്ച് നിന്ന് മത്സരിക്കുന്ന സമാജ്വാദി പാർട്ടിക്ക് തിരിച്ചടിയാണ് മുലായം സിംഗിന്റെ ആശംസ. എല്ലാ എം.പിമാരും ജയിച്ചു വരട്ടെ എന്നത് സാധാരണ ആശംസയായി കരുതിയാൽ പോലും മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് മുലായം പറഞ്ഞത് പാർട്ടിയെ ബാധിക്കുമെന്നതിൽ സംശയമില്ല.
അഖിലേഷ് യാദവുമായി സ്വരച്ചേർച്ചയിലല്ലാത്ത മുലായം സിംഗ് യാദവും ബന്ധു ശിവപാൽ യാദവും സഖ്യത്തിന് ഭീഷണിയാകുമെന്നാണ് കരുതപ്പെടുന്നത്. എല്ലാ ലോക്സഭാ സീറ്റിലും സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ശിവപാൽ യാദവും വ്യക്തമാക്കിയിട്ടുണ്ട്.