ദുബായ്,റാസ് അൽ ഖൈമ,അബുദാബി തുടങ്ങിയ യുഎഇയുടെ വിവിധ എമിറേറ്റുകളിൽ കനത്ത മഴയാണ് ലഭിച്ചത്,വടക്കൻ മേഖലകളിൽ ഇടിയോടെയുള്ള ശക്തമായ മഴയായിരുന്നു.മഴയെത്തുടർന്ന് റോഡിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. രാജ്യത്തിന്റെ പലഭാഗങ്ങളിലും അറുപത് കിലോമീറ്ററിലധികം വേഗത്തിലുള്ള കാറ്റുമുണ്ടായി.പല സ്ഥലങ്ങളിലും താപനില വലിയ രീതിയിൽ കുറഞ്ഞുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായ്,അജ്മാൻ ഭാഗങ്ങളിൽ അന്തരീക്ഷ ഊഷ്മാവ് 19 ഡിഗ്രീ സെൽഷ്യസും പടിഞ്ഞാറൻ പ്രവശ്യകളിൽ 16 ഡിഗ്രീ വരെയുമായി കുറഞ്ഞു.റാസൽഖൈമയിലെ ജബൽ ജൈസിലാണ് ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത്. 8.4 ഡിഗ്രി സെൽഷ്യസ്. ജബൽ ജൈസ് മലനിരകളിൽ ഇന്നലെയും ചെറിയതോതിൽ മഴപെയ്തിരുന്നു.വാഹനമോടിക്കുമ്പോൾ മഴയുടെ ചിത്രങ്ങൾ എടുക്കരുതെന്ന് ഡ്രൈവർമാർക്ക് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി. നിയമലംഘനം നടത്തിയാൽ 800 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിന്റുമായിരിക്കും ശിക്ഷ. ബീച്ചുകളിൽ പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്. വെള്ളക്കെട്ടുകൾക്കും തോടുകൾക്കും സമീപം പോകരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.