Kerala

മുഖം രക്ഷിക്കാൻ ഉപഹർജിയുമായി സർക്കാർ ; എസ് രാജേന്ദ്രൻ എം എൽ എ ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം

കൊച്ചി : മൂന്നാറിലെ വിവാദ കെട്ടിട നിർമ്മാണത്തിന്റെ പേരിൽ എസ് രാജേന്ദ്രൻ എം എൽ എ ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. സർക്കാരിനു വേണ്ടി ദേവികുളം സബ് കലക്ടർ രേണുരാജാണ് കോടതിയിൽ ഉപഹർജി നൽകിയത്.

മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് കറുപ്പസ്വാമി, സെക്രട്ടറി മധുസൂദനൻ ഉണ്ണിത്താൻ, ജില്ലാപഞ്ചായത്തംഗം വിജയകുമാർ, ദേവികുളം എം.എൽ.എ. എസ്. രാജേന്ദ്രൻ, മൂന്നാർ പഞ്ചായത്ത് കരാറുകാരൻ ചിക്കു എന്നിവർക്കെതിരെയാണ് കോടതിയെ സമീപിച്ചത്.മൂന്നാറിലെ പരിസ്ഥിതി പ്രശ്നം ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടനയായ വൺ എർത്ത് വൺ ലൈഫ് നൽകിയ ഹർജിയിലാണ് ഉപഹർജി.

അനധികൃത കെട്ടിട നിർമ്മാണം നിർത്തിവയ്ക്കാൻ ഉത്തരവിട്ട സബ് കലക്ടർ രേണുരാജിനെ രാജേന്ദ്രൻ എം എൽ എ അപമാനിച്ചത് വൻ വിവാദമായിരുന്നു.മന്ത്രി എം എം മണി പോലും രാജേന്ദ്രനെ വിമർശിച്ചതും വാർത്തയായി.മാത്രമല്ല മൂന്നാറിൽ പഞ്ചായത്ത് നടത്തി വന്ന കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തു.തുടർന്ന് മുഖം രക്ഷിക്കാൻ സർക്കാർ കണ്ടെത്തിയ മാർഗമാണ് ഈ കോടതിയലക്ഷ്യ ഹർജിയെന്നും ആരോപണമുണ്ട്.

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപത്താണ് പഞ്ചായത്ത് കെട്ടിടം നിർമ്മിക്കാൻ തുടങ്ങിയത് കെഡിഎച്ച് കമ്പനി പഞ്ചായത്തിന് വിട്ടു നല്‍കിയ സ്ഥലത്താണ് ഒരു കോടിയോളം രൂപ മുടക്കി പഞ്ചായത്ത് വനിതാ വ്യവസായ കേന്ദ്രം പണി കഴിപ്പിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ മുതിരപുഴയാറിന്റ തീരം കയ്യേറിയാണ് നിര്‍മ്മാണം നടത്തുന്നതെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകരടക്കം രംഗത്തെത്തിയിരുന്നു.

ഈ സാഹചര്യത്തിലാണ് നിലവില്‍ റവന്യൂ വകുപ്പ് അന്വേഷണം നടത്തി, എന്‍ഒസി വാങ്ങാതെയാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് കെട്ടിട നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ദേവികുളം സബ് കളക്ടര്‍ രേണുരാജ് ഉത്തരവിട്ടത്. തുടർന്ന് രേണു രാജിനെ സ്ഥലം എംഎൽഎ എസ്. രാജേന്ദ്രൻ അപമാനിച്ചത് വൻ വിവാദമായിരുന്നു.

പഞ്ചായത്തിന്റെ ഭൂമിയിൽ നിർമ്മാണം നടത്തുന്നതിന് റവന്യു വകുപ്പിന്റെ അനുമതി ആവശ്യമില്ലെന്ന വാദം ഉന്നയിച്ചാണ് എം എൽ എ അടക്കമുള്ളവർ രംഗത്തെത്തിയത്.

708 Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close