തിരുവനന്തപുരം: ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
സബ് കളക്ടറെ അപമാനിച്ച രാജേന്ദ്രനെതിരെ നടപടി ഉണ്ടാകുമെന്ന് കോടിയേരി പറഞ്ഞു. രാജേന്ദ്രന് എംഎല്‍എയുടെ നടപടി അപക്വമെന്നും കോടിയേരി വ്യക്തമാക്കി.
മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ തീരം കൈയ്യേറി പഞ്ചായത്ത് നിര്‍മ്മിക്കുന്ന അനധികൃത കെട്ടിടത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതോടെയാണ് പ്രതിഷേധവുമായി ദേവികുളം എം.എല്‍.എ എസ്. രാജേന്ദ്രന് രംഗത്തെത്തിയത്. അനധികൃത നിര്‍മാണം തടയാനെത്തിയ ദേവികുളം സബ്കളക്ടര്‍ ഡോക്ടര്‍ രേണു രാജിനെ എംഎല്‍എ അധിക്ഷേപിച്ചു. എംഎല്‍എയുടെ നടപടി വിവാദമാകുകയും സിപിഎമ്മിന് അത് വലിയ നാണക്കേടുണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് എംഎല്‍എക്കെതിരെ തിരിയുന്നു എന്ന് വരുത്തിതീര്‍ക്കാന്‍ കൊടിയേരി ബാലകൃഷ്ണന് നിര്‍ബന്ധിതനായത്. എംഎല്‍എയുടെ പെരുമാറ്റം അപക്വമെന്നു പറഞ്ഞ കൊടിയേരി രാജേന്ദ്രനെതിരെ നടപടി ഉണ്ടാക്കുമെന്നും അറിയിച്ചു. മാത്രമല്ല അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കല്യാശ്ശേരി എംഎല്‍എ ടി.വി. രാജേഷിനെ സിബിഐ പ്രതിചേര്‍ത്തെങ്കിലും രാജേഷ് രാജിവെക്കേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കി.
നേരത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് രാജേന്ദ്രന് എംഎല്‍എയുടെ നടപടിക്കെതിരെ നിയമസഭയിലും നിലപാടെടുത്തിരുന്നു. രേണു രാജ് ഹൈക്കോടതിയിലും സര്‍ക്കാരിനും റിപ്പോര്‍ട്ട് നല്കിയ സാഹചര്യത്തില്‍ രാജേന്ദ്രനെതിരെ പാര്‍ട്ടി പ്രതികരിക്കുന്നുവെന്ന് കാണിക്കാത്ത പക്ഷം മുന്നണിക്ക് അത് വലിയ ക്ഷീണം ഉണ്ടാക്കും. ഇത് സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കുമെന്നും സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ കോടിയേരിയേയും മുഖ്യമന്ത്രി പിണറായി വിജയനെയും ധരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രനെതിരെ കോടിയേരി പ്രതികരിച്ചത്.