തിരുവനന്തപുരം: ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ കുത്തിയോട്ട വ്രതാരംഭത്തിന് ഇന്ന് തുടക്കമായി. ഇക്കുറി 815 ഓളം കുട്ടികളാണ് കുത്തിയോട്ട വ്രതം നോക്കുക. ഫെബ്രുവരി 20 നാണ് ലോക പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല.
മഹിഷാസുരമര്ദ്ദിനിയുടെ മുറിവേറ്റ ഭടന്മാര്, അവരാണ് ഈ ബാലന്മാര്. ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ കുത്തിയോട്ടവുമായി ബന്ധപ്പെട്ട ഐതിഹ്യമാണിത്.
ഇക്കുറി ദേവിയുടെ ഭടന്മാര് ആകാന്‍ 815 ഓളം ബാലന്മാരാണ് ആറ്റുകാലമ്മയുടെ തിരുനടയില്‍ എത്തിയത്. ഇനിയുള്ള ഏഴ് നാള് കഠിനവ്രതം. പുലര്‍ച്ചെ മൂന്നുമണിക്ക് ക്ഷേത്രക്കുളത്തില്‍ നീരാട്ട് .ശേഷം ആറ്റുകാലമ്മയ്ക്ക് മുന്നില്‍ 1008 നമസ്ക്കാരം .
പള്ളി പലകയില്‍ വെറ്റിലയും അടക്കയും ഏഴ് വെള്ളിനാണയം വെച്ച് മേല്‍ശാന്തിയില്‍ നിന്നും പ്രസാദം സ്വീകരിച്ചാല്‍ പിന്നെ അവര്‍ മഹിഷാസുരമര്‍ദ്ദിനിയായ ആറ്റുകാലമ്മയുടെ ഭടന്മാരാണ്.
പൊങ്കാലയ്ക്ക് ശേഷം ദേവി മണക്കാട് ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളുമ്പോള്‍ ചൂരല്‍ കുത്തേറ്റ കുത്തിയോട്ട ഭടന്മാര് രാജവേഷം അണിഞ്ഞ് ഭഗവതിക്ക് അകമ്പടി സേവിക്കും. ഈ ചടങ്ങുകള്‍ക്ക് ശേഷമാകും കുട്ടികള്‍ മടങ്ങുക.
ദീര്‍ഘായുസിനും അഷ്ടഐശ്വര്യങ്ങള്ക്കും വേണ്ടിയാണ് കുത്തിയോട്ട വ്രതം എടുക്കുക. പതിവുതെറ്റാതെ ഇക്കുറിയും രാധാകൃഷ്ണന് ആചാരിയാണ് കുത്തിയോട്ട ചടക്കുകള്ക്ക് മേല്‍നോട്ടം വഹിക്കുക.