തിരുവനന്തപുരം: സംസ്ഥാന ഖാദി ബോര്‍ഡിനെതിരെ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന് മോഹന്‍ലാല്‍. തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജിനെതിരെ ലാല്‍ വക്കീല്‍ നോട്ടീസയച്ചു.
പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ ചര്‍ക്കയില്‍ നൂല് നൂക്കുന്ന രംഗം അവതരിപ്പിച്ചിരുന്നു. ഇതിനെതിരെ ഖാദി ബോര്‍ഡ് നേരത്തെ നോട്ടീസ് അയച്ചിരുന്നു. സ്വകാര്യ സ്ഥാപനത്തിന്റെ വസ്ത്രങ്ങള്‍ക്ക് ഖാദിയുമായി ബന്ധമില്ലെന്നും ഈ പരസ്യത്തില്‍ മോഹന്‍ലാലിനെ പോലൊരാള്‍ അഭിനയിക്കുന്നത് ഖാദി ബോര്‍ഡിന് നഷ്ടമുണ്ടാക്കുമെന്നും സ്വകാര്യ സ്ഥാപനത്തിന് ലാഭമുണ്ടാക്കുമെന്നും വിലയിരുത്തി പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.
തനിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ശോഭന ജോര്‍ജ് മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപുടികളുമായി മുന്നോട്ട് പോകുമെന്നും മോഹന്‍ ലാല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, 50 കോടി നല്‍കാനുള്ള ശേഷി ഖാദി ബോര്‍ഡിനില്ലെന്നും വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടാനാണ് ആലോചിക്കുന്നതെന്നും ശോഭനാ ജോര്‍ജ് പറഞ്ഞു.