കൊച്ചി: ഭാരതത്തിന്റെ പൈതൃകം ശക്തിപ്പെടുത്താന്‍ കഴിയുന്ന കല, ആത്മാനുഭൂതിയുടെ ആവിഷ്കാരമാണെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് പറഞ്ഞു.
കൊച്ചിയില്‍ നടന്നുവരുന്ന ഭാരതീയ സാംസ്കാരിക നൃത്ത കലോല്‍ത്സവം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിനുകീഴില്‍ തഞ്ചാവൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെയും രാഷ്ട്ര ധര്‍മ്മ പരിഷത്തിന്റെയും ആഭിമുഖ്യത്തില്‍ എളമക്കര ഭാസ്കരീയം കണ്വെന്ഷന് സെന്ററിലാണ് ഭാരതീയ സാംസ്കാരിക നൃത്ത കലോല്‍ത്സവം നടക്കുന്നത്.വൈവിധ്യങ്ങളില്‍ കോര്‍ത്തിണക്കുന്ന ഹൃദയബന്ധമാണ് കലാരൂപങ്ങള്‍.എല്ലാ കലാരൂപങ്ങളുടെയും അടിസ്ഥാന കഥാംശവും അസ്തിത്വവും ഭാരതീയതയിലാണെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
രാഷ്ട്ര ധര്‍മ്മ പരിഷദ് വൈസ് പ്രസിഡന്റ് അഡ്വ ടി.സി കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.തപസ്യ വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ പി ജി ഹരിദാസ്,സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രോഗ്രാം ഓഫീസര്‍ ആര് ഉമാശങ്കര്‍,കെ ലക്ഷ്മീ നാരായണന് എന്നിവര്‍ പങ്കെടുത്തു. ബുധനാഴ്ച ആരംഭിച്ച ഭാരതീയ സാംസ്കാരിക നൃത്ത കലോത്സവത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ഇരുനൂറോളം കലാകാരന്മാര് പങ്കെടുക്കുന്നുണ്ട് .നവോഥാന ദാര്‍ശനിക സാംസ്കാരിക പ്രസ്ഥാനങ്ങളുടെ സ്ഥാപകനും,മാര്‍ഗ്ഗദര്‍ശിയുമായ എം .എ സാറിന്റെ നവതി പ്രണാമമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.