കൊച്ചി: പെരിയാറില്‍ യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ കേസില്‍ പുതിയ വഴിത്തിരിവ്. കൊലപാതകത്തിന് പിന്നില്‍ ഒരു സ്ത്രീയും പുരുഷനുമെന്ന് പോലീസ്. സംഭവത്തിന് പിന്നില്‍ പെണ്‍വാണിഭ സംഘത്തിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നെന്നും പോലീസ്.
മൃതദേഹം കൊണ്ട് വന്നെന്ന് കരുതുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍, മൃതദേഹം പൊതിയാനുപയോഗിച്ച പുതപ്പ് വിറ്റ കട എന്നിവ പോലീസ് കണ്ടെത്തി. കൊലപാതകം നടന്നത് അഞ്ച് ദിവസം മുമ്പാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയമായ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. മറ്റെവിടെയോ വച്ച് കൊലപ്പെടുത്തി പുഴയില്‍ ഉപേക്ഷിച്ചതെന്നാണ് പോലീസിന്റെ നിഗമനം. വെദിക സെമിനാരിയുടെ സ്വകാര്യ കുളിക്കടവായ ഇവിടെ പരിചയമുള്ളവര്‍ക്കേ എത്താനുമാകൂ.
യുവതിയെ പുതപ്പില്‍ ചെറിയ പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി 40 കിലോ ഭാരമുള്ള കരിങ്കല്ലില്‍ കെട്ടി താഴ്ത്തിയ നിലയിലാണ് കണ്ടെത്തിയത്.
്അതിനാല്‍ തന്നെ മൃതദേഹം ഒഴുകിയെത്താനുള്ള സാധ്യത പോലീസ് ആദ്യമേ തള്ളിയിരുന്നു.
മൃതദേഹം കല്ല് കെട്ടി താഴ്ത്താന്‍ ഉപയോഗിച്ച പുതപ്പ് ഒരാഴ്ച മുമ്പ് കളമശ്ശേരിയിലെ ഒരു കടയില്‍ നിന്നാണ് വാങ്ങിയതെന്നും പോലീസ് സ്ഥിരീകരിച്ചു.രാത്രി വൈകി ഒരു സ്ത്രീയും പുരുഷനുമാണ് പുതപ്പ് വാങ്ങിയത്. ആദ്യം ഒരു പുതപ്പെടുത്ത് നിവര്‍ത്തി നോക്കിയ ശേഷം വലുപ്പം മതിയാകില്ലെന്ന് പറഞ്ഞ സ്ത്രീ വലുത് നോക്കി വാങ്ങുകയായിരുന്നെന്ന് കടക്കാരന് പറഞ്ഞു.
എറണാകുളത്തെ പെണ്‍വാണിഭ സംഘങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.