ബംഗലൂരു: ഇന്ത്യയിലെ ആദ്യ വനിതാ ഫ്ളൈറ്റ് എഞ്ചിനീയറായി ചരിത്രം കുറിച്ച് ചണ്ഡീഗഡ് സ്വദേശിനി ഹിന ജെയ്സ്വാൾ. ഭാരതീയ വ്യോമ സേനയുടെ കിരീടത്തിലെ മറ്റൊരു പൊൻ തൂവൽ കൂടിയായി മാറുകയാണ് ഹിനയിലൂടെ പിറന്ന ഈ ചരിത്രം.
വ്യോമസേനയ്ക്ക് നിർണ്ണായക ഘട്ടങ്ങളിൽ ഇനി ഓപ്പറേഷനൽ ഹെലികോപ്റ്റർ യൂണിറ്റുകളിൽ ഹിനയുടെ സേവനം ലഭ്യമാകും. കശ്മീർ മുതൽ കന്യാകുമാരി വരെ ഏത് അടിയന്തിര സാഹചര്യവും നേരിടാൻ സുസജ്ജയാണ് പോരാട്ടവീര്യത്തിന്റെ പ്രതീകമായ ഈ മിടുക്കി.
പഞ്ചാബ് സർവ്വകലാശാലയിൽ നിന്നാണ് ഹിന എഞ്ചിനീയറിംഗ് ബിരുദം നേടിയിരിക്കുന്നത്.
ജനുവരി 5 ാം തീയതിയാണ് ഹിന ഭാരതീയ വ്യോമ സേനയുടെ എഞ്ചിനീയറിംഗ് ശാഖയിൽ സേവനം ആരംഭിച്ചത്. പരിശീലന കാലയളവിൽ സേനയിലെ പുരുഷ സഹപ്രവത്തകർക്ക് ഒപ്പം തികഞ്ഞ ധീരതയോടെയും ആത്മസമർപ്പണത്തൊടെയും സ്ഥൈര്യത്തോടെയുമാണ് ഹിന പരിശീലനം പൂർത്തിയാക്കിയത്.
2018 വരെ സേനയിലെ പുരുഷന്മാരുടെ മാത്രം കുത്തകയായിരുന്ന ഫ്ളൈറ്റ് എഞ്ചിനീയറിംഗ് മേഖലയിലേക്കുള്ള ഹിനയുടെ കടന്നു വരവ് ഭാരതത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ പുത്തൻ ചരിത്രം രചിച്ചിരിക്കുകയാണ്.