India

ഇന്ത്യയ്ക്കൊപ്പം ലോകരാഷ്ട്രങ്ങൾ , ഒറ്റപ്പെട്ട് പാകിസ്ഥാൻ

ന്യൂഡൽഹി ; ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ചും,പാകിസ്ഥാനെ ഒറ്റപ്പെടുത്തിയും നിരവധി രാഷ്ട്രങ്ങളാണ് മുന്നോട്ട് വരുന്നത്.ഭീകരവാദത്തിനെതിരേ സ്വയം പ്രതിരോധം തീര്‍ക്കാനും ഭീകരവാദം ഇല്ലായ്മ ചെയ്യാനും ഇന്ത്യക്ക് പൂർണ്ണ പിന്തുണയാണ് അമേരിക്ക വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്ന പാകിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ഇത് പൂര്‍ണമായും അവസാനിപ്പിക്കാന്‍ പാകിസ്ഥാനോട് ഇനിയും ആവശ്യപ്പെടുമെന്നും യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബാൾട്ടൻ അറിയിച്ചിട്ടുണ്ട്.

ഇന്ത്യക്കൊപ്പം ഉറച്ചു നിൽക്കുന്നുവെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചിരുന്നു.

പുൽവാമ ആക്രമണത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അനുശോചനം രേഖപ്പെടുത്തി. ഈ സമയത്തെ ഇന്ത്യയിലെ സർക്കാരിനൊപ്പവും ജനങ്ങൾക്കൊപ്പവും നിൽക്കുകയാണെന്ന് ഹസീന പറഞ്ഞു.

ആക്രമണത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്നും ഷെയ്ഖ് ഹസീന പറഞ്ഞു.

അഫ്ഗാനിസ്ഥാൻ ആഭ്യന്തരമന്ത്രാലയ വക്താവ് സെദിഖ് സെദിഖിയും പുൽവാമയിലെ ഭീകരാക്രമണത്തെ അപലപിച്ചു. കഴിഞ്ഞ 18 വർഷത്തിനിടെയുണ്ടായ ഈ ഏറ്റവും വലിയ ഭീകരാക്രമണത്തിൽ ഇന്ത്യയ്ക്ക് ഒപ്പം നിൽക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനും പുൽവാമ ഭീകരാക്രമണത്തെ അപലപിച്ചു. ഈ ക്രൂരമായ ആക്രമണം സ്പോൺസർ ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖമായി വരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ അലക്സാന്ദ്ര സീഗ്ലർ, മാലിദീപ് പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സ്വലിഹ്, ഇന്ത്യയിലെ തായ് ലൻഡ് അംബാസിഡർ, ശ്രീലങ്കൻ വിദേശകാര്യമന്ത്രാലയം എന്നിവർ ആക്രമണത്തെ ശക്തമായി അപലപിച്ചു.

നേപ്പാൾ,ഭൂട്ടാൻ,ശ്രീലങ്ക എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്ക് പിന്നിൽ ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് നൽകിയിരിക്കുന്നത്.

ഉറി ഭീകരാക്രമണത്തിലും പാകിസ്ഥാനുള്ള പങ്ക് ലോകരാജ്യങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താൻ ഇന്ത്യക്ക് സാധിച്ചിരുന്നു.ഉറി ആക്രമണത്തിനു ശേഷവും, റഷ്യ പാകിസ്ഥാനുമായി സംയുക്ത സൈനികപരിശീലനം നടത്തിയിരുന്നത് ചർച്ചയായിരുന്നു. എന്നാൽ രാജ്യത്തിനകത്തു നടക്കുന്ന തീവ്രവാദപ്രവർത്തനങ്ങൾക്ക് തടയിടണമെന്ന് റഷ്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.അത് ഇന്ത്യയുടെ നയതന്ത്രമായിരുന്നു.

കശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ ആഗോളതലത്തിൽ കരുക്കൾ ശക്തമാക്കുമെന്ന് ഇന്ത്യ തുറന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്.

8K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close