പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയില്‍ പ്രാര്‍ത്ഥനാ സ്വാതന്ത്ര്യത്തെ ചൊല്ലി വീണ്ടും തര്‍ക്കം രൂക്ഷമായി. ഇന്നലെ പ്രാര്‍ത്ഥനക്കായി എത്തിയ ഓര്‍ത്തഡോക്സ് വിഭാഗത്തിന്, ഗേറ്റടച്ച് പൂട്ടിയതിനാല്‍ പള്ളിക്കകത്ത് കയറാനായില്ല. എന്നാല്‍, യാക്കോബായ വിഭാഗം അകത്ത് പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. ഇതെത്തുടര്‍ന്ന് പോലീസും തഹസില്‍ദാരും നോക്കിനില്‍ക്കെ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയുടെ പ്രധാന കവാടങ്ങളെല്ലാം മറ്റൊരു താഴുപയോഗിച്ച് പുറമെ നിന്ന് പൂട്ടി. ഈ സമയം പള്ളിക്കകത്ത് ഉണ്ടായിരുന്ന വൈദികരും സ്ത്രീകളുമടക്കമുള്ളവര്‍ പുറത്ത് കടക്കുവാന്‍ ബുദ്ധിമുട്ടി.
മുന്‍ധാരണ പ്രകാരം രാവിലെ 6 മുതല്‍ 8.45 വരെ ഇവിടെ ഓര്‍ത്തഡോക്സ് പക്ഷത്തിന്റെ ആരാധന സമയമാണ്. ഇതില്‍ മാറ്റം വരുത്തി മുഴുവന്‍ സമയം ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന ഇവരുടെ ആവശ്യം പെരുമ്പാവൂര്‍ കോടതി അനുവദിച്ച് കഴിഞ്ഞ ദിവസം ഉത്തരവിടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം രാവിലെ 6 ന് പതിവുപോലെ വികാരി എല്‍ദോ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ പ്രാര്ത്ഥനക്കെത്തിയപ്പോഴും യാക്കോബായ വിഭാഗം പള്ളിയുടെ പ്രധാന കവാടങ്ങള്‍ എല്ലാമടച്ച് ഇവരെ തടഞ്ഞിരുന്നു. സമാന സ്ഥിതിയാണ് ഇന്നലെയു ണ്ടായതെന്ന് ഓര്‍ത്തഡോക്സ് പക്ഷം പറയുന്നത്. ഇതെ തുടര്‍ന്ന് ഗേറ്റിന് പുറത്ത് പന്തല്‍ കെട്ടിയ ഓര്‍ത്തഡോക്സ് വിഭാഗം, കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പോലിസ് സന്നാഹവും, ഇവിടെ എത്തിച്ചേര്‍ന്നു. എന്നാല്‍ ഓര്‍ത്തഡോക്സ് പക്ഷത്തിനനുകൂലമായ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി വിധിക്കെതിരെ ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് യാക്കോബായ വിഭാഗം അറിയിച്ചു.