കാസര്‍കോട്: കാസര്‍കോട് നടന്ന ഇരട്ട കൊലപാതകങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് റിപ്പോര്‍ട്ട്. സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്നും റിപ്പോര്‍ട്ട്. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിലുള്ള രാഷ്ട്രീയ പകപോക്കലാണ് ഇന്നലെ നടന്ന ഇരട്ടകൊലപാതകമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിപിഎം ലോക്കല്‍ കമ്മറ്റി അംഗത്തെ ആക്രമിച്ച കേസില്‍ കൊല്ലപ്പെട്ട ശരത്ലാലും കൃപേഷും പ്രതികളായിരുന്നു. ഇരുവര്‍ക്കും നേരത്തേ ഭീഷണിയുമുണ്ടായിരുന്നെന്ന് എഫ്ഐആറില്‍ പറയുന്നു.
അതേസമയം, ശരത്ലാലിന്റേയും കൃപേഷിന്റേയും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പുറത്ത് വന്നു. വാളുപോലെയുള്ള മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചുണ്ടാക്കിയ മുറിവുകളാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ പെരിയയിലെ കോണ്‍ഗ്രസ് ഓഫീസില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും. വൈകുന്നേരത്തോടെ സംസ്കാരം നടത്താനാണ് തീരുമാനം.