കുവൈറ്റ് സിറ്റി : കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് മിഡ്ഡില്‍ ഈസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കുവൈറ്റിലേക്ക് കൂടി വ്യാപിപ്പിക്കുന്നതായി ഫെസ്റ്റിവല്‍ ഡയറക്ടറും പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര താരവുമായ രവീന്ദ്രന് പറഞ്ഞു. ബഹ്റൈനില്‍ വച്ച് നടന്ന കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ കുവൈറ്റില്‍ നിന്ന് പങ്കെടുത്ത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേണ്ടി നിക്കോണുമായി സഹകരിച്ച് ഒരു ദ്വിദിന ശില്‍പ്പശാല നടത്തുന്നതിന് വേണ്ടി കുവൈറ്റില്‍ എത്തിയതായിരുന്നു രവീന്ദ്രന്. കൊച്ചി മെട്രോയുടെ കുവൈറ്റ് ചാപ്റ്റര്‍ രൂപീകരിക്കുന്നതിന് മുന്നോടിയായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി രവീന്ദ്രന് പറഞ്ഞു.
പദ്മഭൂഷന്‍ മോഹന്‍ലാല്‍ ചെയര്‍മാനും രവീന്ദ്രന് ഫെസ്റ്റിവല്‍ ഡയറക്ടറും സി ഇ ഓയുമായി 2014 ലാണ് കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് രൂപീകൃതമാകുന്നത്. ബഹ്റൈന്‍, സൗദി അറേബ്യ, ഒമാന്‍, യു എ ഇ എന്നീ ഗള്‍ഫ് നാടുകളില്‍ കൊച്ചി മെട്രോയുടെ ചാപ്റ്ററുകള്‍ ഇപ്പോള്‍ സജീവമാണ്. ചലച്ചിത്ര കലയില്‍ അഭിനിവേശമുള്ള പ്രവാസ കലാകാരന്മാര്ക്ക് ഒരു സര്‍ഗ്ഗവേദി ഒരുക്കുകയാണ് കൊച്ചി മെട്രോ ചെയ്യുന്നത് – രവീന്ദ്രന് ഒരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിവിധ ഗള്‍ഫ് നാടുകളില്‍ ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിനോടൊപ്പം പ്രവാസ ലോകത്തെ പുതിയ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുകയും അവര്‍ക്ക് സൃഷ്ടിപരവും സാങ്കേതികവുമായ പ്രോത്സാഹനങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് കൊച്ചി മെട്രോയുടെ പ്രഥമ ലക്ഷ്യം. പ്രവാസ ലോകത്തെ പുതുമുഖ സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും അഭിനേതാക്കള്‍ക്കും ചലച്ചിത്ര ലോകത്തേക്ക് ചുവടുവയ്ക്കുന്നതിന് കൊച്ചി മെട്രോ അവസരങ്ങള്‍ സൃഷ്ടിക്കും. ഒരു നല്ല ചലച്ചിത്ര സംസ്കാരം വളര്‍ത്തുന്നതിന് സഹായകരമായ ആസ്വാദന കളരികള്‍, സംവാദ സെമിനാറുകള്‍, സാങ്കേതിക ശില്‍പ്പശാലകള്‍ തുടങ്ങിയവയും കൊച്ചി മെട്രോ കുവൈറ്റ് ചാപ്റ്റര്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.