തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എമ്മിലെ സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായി തുടരുന്നു.കോട്ടയം സീറ്റില്‍ യുവജനങ്ങള്‍ക്ക് പ്രാധിനിധ്യം വേണം എന്നാവശ്യപ്പെട്ടു യൂത്ത് ഫ്രണ്ട് എം രംഗത്ത്. രണ്ടുസീറ്റ് വേണമെന്ന് ആവശ്യം ജോസഫ് ഗ്രൂപ്പ് ശക്തമായി ആവശ്യപ്പെടുന്നതിനു ഇടയില്‍ യൂത്ത് കോണ്‍ഗ്രസ് കൂടി രംഗത്ത് വരുന്നത് പാര്‍ട്ടിക്കുള്ളില്‍ വലിയ അസ്വാരസ്യത്തിന് ആണ് ഇടയാക്കുന്നത്.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം കേരളകോണ്‍ഗ്രസ് എമ്മില്‍ പുതിയ കലഹങ്ങള്‍ക്കും കലാപങ്ങള്‍ക്കുമാണ് ഇടയാക്കിയിരിക്കുന്നത്. നിലവില്‍ കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് ഉറപ്പായിട്ടും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി ഐക്യത്തോടെ ഒരു പേര് നിശ്ചയിക്കാന്‍ കഴിയാത്തതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയത് ഇതിനിടയിലാണ് സീറ്റിന് അവകാശവാദമുന്നയിച്ച യൂത്ത് ഫ്രണ്ട് പരസ്യമായി രംഗത്തെത്തിയത്.
കെഎം മാണി, പിജെ ജോസഫ്, ജോയി എബ്രഹാം എന്നിവര്‍ മത്സര രംഗത്തേക്ക് എത്തിയില്ലെങ്കില്‍ ആ സീറ്റ് യൂത്ത് ഫ്രണ്ട് എമ്മിന് തന്നെ നല്‍കണമെന്ന് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു
എന്നാല്‍ രണ്ട് സീറ്റെന്ന ആവശ്യത്തില്‍ നിന്നും ജോസഫ് ഗ്രൂപ്പ് ഇതുവരെ പിന്തിരിഞ്ഞിട്ടില്ല. ഒന്നിലധികം സീറ്റ് കിട്ടാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ കോട്ടയത്ത് പിജെ ജോസഫ് തന്നെ സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ട് എന്നാല്‍ പ്രശ്നങ്ങള്‍ക്കെല്ലാം ഉടന്‍ പരിഹാരം കാണുമെന്ന് ജോസ് കെ മാണി എംപി പ്രതികരിച്ചു.
സീറ്റ് തര്‍ക്കവും സ്ഥാനാര്‍ഥി നിര്‍ണയവും കേരള കോണ്‍ഗ്രസ് എമ്മിന് വീണ്ടുമൊരു പിളര്‍പ്പിലേക്ക് നയിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.