ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും ലോക രാഷ്ട്രങ്ങളും സമ്മര്‍ദ്ദം ശക്തമാക്കിയതിനെതുടര്‍ന്ന് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി പാക് ഭരണകൂടം. ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ ഭരണകൂടം ഏറ്റെടുത്തു. ജെയ്ഷെ മുഹമ്മദിന്റെ പേരു പറഞ്ഞ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്റെ നടപടി. പാക് പഞ്ചാബിലെ ബഹാല്പൂരിലാണ് ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം. ക്യാംപിനുള്ളില്‍ അഡ്മിനിസ്ട്രേറ്ററെ നിയമിച്ചതായി പാക് ഭരണകൂടം അറിയിച്ചു.
പുല്‍വാമയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. കൊടും ഭീകരന് മസൂദ് അസറാണ് ജെയ്ഷെ തലവന്‍.
ക്യാംപിനുള്ളില്‍ 600 വിദ്യാര്‍ത്ഥികളും 70 അധ്യാപകരുമാണുള്ളത്. ഇവരുടെ സുരക്ഷ പഞ്ചാബ് പോലീസ് ഏറ്റെടുത്തു.
പാക് പഞ്ചാബ് ഭരണകൂടം ജെയ്ഷെ ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത് പാക് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. പ്രസ്താവന വൈകിപ്പിക്കാന്‍ പാകിസ്ഥാനും ചൈനയും നേരത്തെ നടത്തിയ നീക്കങ്ങള്‍ പരാജയപ്പെട്ടിരുന്നു.
ഭീകരവാദം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനാല്‍ പാകിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ നിന്നും ഒഴിവാക്കില്ലെന്ന് അന്താരാഷ്ട്ര സംഘടന വ്യക്തമാക്കിയിരുന്നു.