സത്യമപ്രിയം

നീതിദേവത ഒരു കണ്ണ് മാത്രം തുറക്കുമ്പോള്‍

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

നീതിപീഠത്തിന്റെ പിന്നില്‍ രണ്ടു കണ്ണുകളും മൂടിക്കെട്ടിയ നീതിദേവതയുടെ ചിത്രം വെച്ചിരിക്കുന്നത് ഭയവും പക്ഷപാതവുമില്ലാതെ ധര്‍മ്മാനുസൃതമായി തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് കേട്ട് ശിക്ഷ വിധിക്കുന്നതിനാണ്. നീതിപീഠത്തില്‍ നിന്ന് സാധാരണക്കാരായ പൊതുജനങ്ങള്‍ പ്രതീക്ഷിക്കുന്ന നിഷ്പക്ഷതയുടെയും സത്യസന്ധതയുടെയും മാനവും അളവുകോലും നീതിദേവതയുടെ ഈ കെട്ടിയ കണ്ണുകളിലൂടെയാണ് പ്രതിഫലിക്കുന്നത്. നീതിയുടെ ഉന്നതമായ മൂല്യങ്ങള്‍ക്കും സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും പരിപാലനത്തിനും കോടതികള്‍ക്ക് തെറ്റു പറ്റില്ലെന്ന് വിശ്വസിക്കുകയും ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുകയും ചെയ്യുന്ന ലക്ഷോപലക്ഷം പേര്‍ ഭാരതത്തിലുണ്ട്.

നീതിപീഠത്തിന്റെ വിശ്വാസ്യതയ്‌ക്കെതിരെ വിരല്‍ ചൂണ്ടിയിട്ടുള്ളത് ഏകാധിപതികളായ ചില ഭരണാധികാരികള്‍ മാത്രമാണ്. കോടതിവിധിയെ മറികടക്കാന്‍ സ്വന്തം ഇംഗിതങ്ങള്‍ക്കനുസരിച്ച് നീതി നിര്‍വ്വഹണം മാറ്റി മറിയ്ക്കാന്‍ അഞ്ചും ആറും ജഡ്ജിമാരെ മറികടന്ന് ചീഫ് ജസ്റ്റിസിനെ നിയമിച്ചതടക്കമുള്ള കാര്യങ്ങള്‍ സ്വതന്ത്രഭാരത ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായങ്ങളാണ്. ശബരിമല കേസിന്റെ വിധി വന്നപ്പോള്‍ ഇതുവരെയുള്ള പല വിധികളെയും കടപുഴക്കി ഹിന്ദു വിശ്വാസത്തിന്റെ കടയ്ക്കല്‍ കത്തി വെയ്ക്കുന്നുവെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. നീതിപീഠത്തിന്റെ നിഷ്പക്ഷതയോ, സത്യസന്ധതയോ, സുതാര്യതയോ ചോദ്യം ചെയ്യുന്നില്ല. പക്ഷേ, ചിലപ്പോഴൊക്കെ മൂടിവെയ്ക്കപ്പെട്ട രണ്ടു കണ്ണുകളില്‍ ഒന്ന് തുറക്കുന്നോ എന്ന സംശയം ചിലപ്പോഴെങ്കിലും ഉയരുന്നു.

ഇത് പറയാന്‍ കാരണം കാസര്‍കോട് നടന്ന രണ്ടുപേരുടെ അരുംകൊലയും തുടര്‍ന്നു പ്രഖ്യാപിച്ച ഹര്‍ത്താലുമാണ്. ഡീന്‍ കുര്യാക്കോസിനെ ഏതാനും തവണ കണ്ട പരിചയം മാത്രമേയുള്ളൂ. ഞാന്‍ കോണ്‍ഗ്രസ്സുകാരനല്ല. ജീര്‍ണ്ണതയില്‍ നിന്ന് ജീര്‍ണ്ണതയിലേക്ക് കൂപ്പു കുത്തി ഒരു അപഹാസ്യ നാടകക്കൂട്ടമായി മാറിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ കക്ഷിയോട് യാതൊരു ആഭിമുഖ്യവും ഇല്ല. കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് പറഞ്ഞ ഗാന്ധിജിയുടെ അഭിപ്രായത്തോട് യോജിക്കുകയും ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ഇന്നത്തെ കോണ്‍ഗ്രസ്സിന്റെ പോക്കു കണ്ട് കൈയിലെ ഊന്നുവടികൊണ്ട് മദാമ്മയ്ക്കും അലൂമിനിയം പട്ടേലിനും പപ്പുവിനും കഴിയുന്ന ശക്തിയില്‍ തല്ലു കൊടുക്കുമായിരുന്നുവെന്നും വിശ്വസിക്കുന്ന ഒരാളാണ്. കാരണം അവര്‍ അത്രമാത്രം ഈ സംഘടനയെ നശിപ്പിച്ചിരിക്കുന്നു.

പാവം ഏ കെ ആന്റണിയെ മുന്നില്‍ നിര്‍ത്തി അദ്ദേഹം അറിയാതെ അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അടക്കമുള്ള നിരവധി ഇടപാടുകളില്‍ പണം പറ്റിയത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ കക്ഷിയെക്കുറിച്ച് ഒരു തരത്തിലുമുള്ള നല്ല അഭിപ്രായമില്ല. കാസര്‍കോട് രണ്ട് യുവാക്കള്‍ മരിച്ചപ്പോള്‍ അരുംകൊല നടത്തിയെ സി പി എമ്മിനെ കുറിച്ച് ഒരു പരാമര്‍ശമില്ലാതെയാണ് രാഹുല്‍ഗാന്ധി പ്രതികരിച്ചത്. ദേശീയ രാഷ്ട്രീയത്തിലെ ദുരന്തചിത്രമായ രാഹുലിന് വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ സി പി എം പിന്തുണ ഉറപ്പാക്കാന്‍ നട്ടെല്ലും ആത്മാഭിമാനവും പണയം വെയ്‌ക്കേണ്ടി വരുന്നു എന്ന കാര്യം സാധാരണ കോണ്‍ഗ്രസ്സുകാര്‍ തിരിച്ചറിയുന്നു.

കാസര്‍കോട് നടന്ന ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടുത്തദിവസം ഹര്‍ത്താല്‍ നടത്തിയിരുന്നു. വ്യക്തിപരമായി ഈ ഹര്‍ത്താലിനോട് യോജിപ്പില്ല. ഹര്‍ത്താലില്‍ ചില്ലറ അക്രമങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ജനജീവിതത്തെ സാരമായി ബാധിച്ചിരുന്നു. ഇടതുമുന്നണി നടത്തിയിരുന്ന ജാഥയും മുഖ്യമന്ത്രിയുടെ പരിപാടി പോലും മാറ്റി വെയ്‌ക്കേണ്ടി വന്നു. ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ഹൈക്കോടതിയുടെ ഏറ്റവും അടുത്തുണ്ടായ വിധി മറികടന്നാണ്. തീര്‍ച്ചയായും നീതിപീഠത്തിന്റെ ഉത്തരവ് വകവെയ്ക്കാതെ ഹര്‍ത്താല്‍ നടത്തിയ യൂത്ത്‌കോണ്‍ഗ്രസ് നടപടി ശരിയാണെന്ന് അഭിപ്രായമില്ല. പക്ഷേ, ഇതിനെതിരെ നടപടി എടുത്തുകൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് ഏകപക്ഷീയമല്ലേ? നീതിദേവതയുടെ മൂടിക്കെട്ടിയ കണ്ണില്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ചെയ്ത കുറ്റം മാത്രമേ വന്നുള്ളൂ.

ഈ ഏകലോചനം നീതിപീഠത്തിന്റെ പോലും വിശ്വാസ്യതയില്‍ കരിനിഴല്‍ വീഴ്ത്തുന്നതാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. അങ്ങനെ പറയാതിരുന്നാല്‍ ദൈവം തെറ്റു ചെയ്താല്‍ പോലും അത് തെറ്റാണെന്ന് പറയുകയും ജനശ്രദ്ധയില്‍ കൊണ്ടുവരുകയും ചെയ്യുമെന്ന് പറഞ്ഞ സ്വദേശാഭിമാനി രാകൃഷ്ണപിള്ളയോട് ചെയ്യുന്ന അനീതിയായിരിക്കും. ജനാധിപത്യത്തിന്റെ നാലാംതൂണ് എന്ന നിലയില്‍ മാദ്ധ്യമ പ്രവര്‍ത്തനത്തിന്റെ കടമ മറക്കലോ നിരാകരിക്കലോ ആകും.

യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ ഹര്‍ത്താല്‍ കണ്ട് കോടതിയലക്ഷ്യത്തിന് നടപടിയെടുത്ത ബഹുമാനപ്പെട്ട നീതിപീഠം മരണമടഞ്ഞ രണ്ട് യുവാക്കളെ കുറിച്ച് ഒരിടത്തും ഒരു വാക്കുപോലും പറഞ്ഞില്ല. ശൗചാലയം പോലുമില്ലാത്ത കുടിലിലെ ചോരുന്ന മേൽക്കൂരയിലൂടെ വിശാലമായ ആകാശവും നക്ഷത്രങ്ങളും കണ്ട് അന്തിയുറങ്ങിയിരുന്ന ആ പാവപ്പെട്ട കുടുംബത്തിന്റെ നികുതിപ്പണവും കൂടി ഉപയോഗിച്ചാണ്‌ ബഹുമാനപ്പെട്ട ജഡ്ജിമാർക്കും മന്ത്രിമാര്‍ക്കും ശമ്പളം തരുന്നത്. രണ്ടു കുഞ്ഞുങ്ങളുടെ ചിറകരിഞ്ഞ് കൊന്നുവീഴ്ത്തുമ്പോള്‍ അവരോട് സഹാനുഭൂതി കാട്ടാനുള്ള ആര്‍ദ്ര വികാരമെങ്കിലും പ്രതിഷേധക്കാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിച്ച ബഹുമാനപ്പെട്ട ഹൈക്കോടതി കാട്ടേണ്ടതായിരുന്നില്ലേ? രണ്ട് കുടുംബങ്ങളുടെ അത്താണിയാകേണ്ടിയിരുന്ന രണ്ട് യുവാക്കളെ കൊന്നു വീഴ്ത്തിയതിനെതിരെ പ്രതിഷേധം നടത്തിയ സംഘടനയില്‍ പെട്ടവര്‍ക്കെതിരെ കൊലപാതകത്തെ കുറിച്ച് നിശ്ശബ്ദത പാലിച്ചുകൊണ്ട് കോടതിയലക്ഷ്യം സ്വീകരിക്കുന്നതില്‍ സ്വാഭാവിക നീതിയുടെ നിഷേധമുണ്ടെന്ന് ആരെങ്കിലും കരുതിയാല്‍ കുറ്റം പറയാനാകുമോ?

യൂത്ത് കോണ്‍ഗ്രസ്സുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയ കൊലപാതകത്തിന് ഉത്തരവാദി സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും ക്രമസമാധാനത്തിന്റെ ചുമതലയുള്ള ഡി ജി പിയുമാണ്. മാത്രമല്ല, കൊലക്കത്തിക്ക് ഇരയായവരിലൊരാള്‍ തനിക്ക് ഭീഷണിയുണ്ടെന്ന് കാട്ടി സംരക്ഷണത്തിന് വേണ്ടി പോലീസില്‍ പരാതി നല്‍കിയിരുന്നതുമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമായ ഭരണകൂടം അതു പാലിക്കാത്തതല്ലേ യൂത്ത് കോണ്‍ഗ്രസ്സിന്റെ ഹര്‍ത്താലിനു പിന്നിലെ അടിസ്ഥാന കാരണം?

യൂത്ത് കോണ്‍ഗ്രസ്സിനെതിരെ നടപടിയെടുക്കുമ്പോള്‍ രണ്ടു യുവാക്കളുടെ കൊലപാതകത്തിന് കാരണക്കാരായ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കും ഡി ജി പിക്കുമെതിരെ നടപടി വേണ്ടതല്ലേ. ഡീന്‍ കുര്യാക്കോസിന്റെ തെറ്റ് കാണാന്‍ ഒരു കണ്ണ് തുറന്ന നീതിദേവത ഭരണകൂടത്തിന്റെ തെറ്റ് കാണാന്‍ കണ്ണു തുറക്കാതിരുന്നത് ശരിയല്ലെന്ന് ബഹുഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു. രണ്ട് നിര്‍ദ്ധനരും പ്രതിഭാശാലികളുമായ യുവാക്കളുടെ മരണം, നിഷ്ഠൂരമായ കൊലപാതകം ബഹുമാനപ്പെട്ട നീതിപീഠത്തെ അലോസരപ്പെടുത്തുന്നില്ലെങ്കില്‍ ആ നീതിപീഠത്തിന്റെ വിശകലനത്തില്‍ അക്ഷന്തവ്യമായ വീഴ്ചയുണ്ടെന്ന് ശങ്കിക്കേണ്ടിവരും.

ഹര്‍ത്താലിനെതിരായ കോടതിവിധി വരും മുന്‍പുതന്നെ നടന്ന ശബരിമല കര്‍മ്മസമിതി ഹര്‍ത്താലിനും ദേശീയ ഭാരവാഹികളായ ടി പി സെന്‍കുമാറിന്റെയും മറ്റും കൈയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടെ സംസ്ഥാനസര്‍ക്കാരിന്റെ കൂടി പിന്തുണയോടെ രണ്ടു ദിവസം പണിമുടക്ക് നടന്നിരുന്നു. ഗതാഗതം തടസ്സപ്പെടുത്തില്ലെന്ന് ഉറപ്പു പറഞ്ഞിട്ടും ചരിത്രത്തിലാദ്യമായി പുലര്‍ച്ചെ മുതല്‍ തീവണ്ടികള്‍ പോലും തടയപ്പെട്ടു. ഇക്കാര്യം കോടതിയുടെ പരിഗണനയില്‍ ഇതുവരെ വന്നിട്ടേയില്ല. സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഇത്തരം വീഴ്ചകള്‍ കാണാതെ പോവുകയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച കൊണ്ടു മാത്രമുള്ള കൊലപാതകത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകുന്നത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കില്ലേ?

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പോലീസ് അന്വേഷണം രാഷ്ട്രീയ പ്രേരിതവും ഏകപക്ഷീയവുമാണെന്ന ആരോപണം നേരത്തെ തന്നെയുണ്ട്. ഇതെക്കുറിച്ച് തലശ്ശേരിയിലെ അടിയോടി ട്രസ്റ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയേണ്ട മുതിര്‍ന്ന ജഡ്ജി അതീവ രഹസ്യമായി തലസ്ഥാനത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. കേസില്‍ സര്‍ക്കാര്‍ അനുകൂല നിലപാടെടുത്ത ജഡ്ജിക്ക് വിരമിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉന്നത പദവി നല്‍കിയത് വിവാദമായി. ജഡ്ജി പക്ഷപാതം കാട്ടിയോ ഇല്ലയോ എന്നതിന് തെളിവുകളില്ല. പക്ഷേ, നീതിപീഠത്തിന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന സ്വഭാവശുദ്ധി അഥവാ ഇന്റഗ്രിറ്റി നീതിപീഠം കാട്ടിയില്ലെങ്കില്‍ വിശ്വാസ്യതയെയും നീതിനിര്‍വ്വഹണത്തെയും അത് ബാധിക്കും. കാസര്‍കോട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും ഇല്ലാതാക്കാന്‍ ഹര്‍ത്താലിന്റെ കാര്യത്തിലെന്നപോലെ കോടതിയുടെ ഇടപെടല്‍ ഉണ്ടാകണം.

ഹര്‍ത്താല്‍ ഹൈക്കോടതി തടഞ്ഞിട്ടും നടത്തിയതിനെതിരെ നടപടിയെടുക്കുമ്പോള്‍ അതിലേക്ക് നയിച്ച സാഹചര്യങ്ങളും ഭരണകൂടത്തിന്റെ വീഴ്ചയും പോലീസ് സംവിധാനത്തിന്റെ പിഴവും പരിശോധിക്കാനുള്ള ബാധ്യത നീതിപീഠങ്ങള്‍ക്കില്ലേ? കോടതിയലക്ഷ്യം ഭയന്ന് സത്യം പറയാന്‍ പലരും വിമുഖത കാട്ടിയേക്കാം. പക്ഷേ ഇത് ജനങ്ങളുടെ ഉള്ളില്‍, സാധാരണക്കാരുടെ മനസ്സില്‍ നീറിപ്പടരുന്ന വികാരമാണ്. ജനവികാരം മനസ്സിലാക്കി നടപടിയെടുക്കാന്‍ കോടതിക്ക് കഴിയില്ല. പക്ഷേ, ധര്‍മ്മാധര്‍മ്മങ്ങള്‍ പരിഗണിക്കാനുള്ള ബാധ്യത കോടതിക്കുണ്ട്. ഡീന്‍ കുര്യാക്കോസിന്റെ പ്രതിഷേധം മാത്രം കാണുകയും കാസര്‍കോട്ടെ കൊലപാതകവും രണ്ട് കുടുംബങ്ങളുടെ തോരാത്ത കണ്ണീരും ഒരേപോലെ പരിഗണിക്കപ്പെടേണ്ടതാണ്.

1K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close