കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പുകശല്യം രൂക്ഷം. രൂക്ഷമായ പുകപ്രദേശത്ത് പടര്‍ന്നതിനാല്‍ ജനങ്ങള്‍ക്ക് ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ട്. തീ ഇതുവരെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം പൂര്‍ണ്ണമായും കത്തിയതാണ് വലിയതോതിലുള്ള അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കിയത്. പനമ്പളളി നഗര്‍, മരട്, വൈറ്റില എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കാണ് പുകശല്യം നിമിത്തം ശ്വാസതടസ്സം നേരിടുന്നത്. രാവിലെ നടക്കാനിറങ്ങിയവര്‍ക്കാണ് ആദ്യം ശ്വാസതടസ്സം നേരിട്ടത്. തരം തിരിക്കാത്ത മാലിന്യത്തിലാണ് തീപടര്‍ന്ന് പിടിച്ചത്. അതിനാല്‍ തന്നെ പ്രദേശത്ത് രൂക്ഷ ഗന്ധവും കറുത്തപുകയും നിറഞ്ഞിരിക്കുകയാണ്.
തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നെന്ന് മേയര്‍ സൗമിനി ജെയിന് പറഞ്ഞു. മാലിന്യങ്ങളുടെ നാല് ഭാഗത്ത് നിന്നും തീ പടരുകയായിരുന്നു. അത് കൊണ്ടുതന്നെ ഇത് ആസൂത്രിതമാണെന്ന സംശയം ബലപ്പെടുന്നുണ്ട്. കോര്പ്പറേഷന് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഭൂമാഫിയ പ്ലാന്റ് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി തീയിട്ടതാകാമെന്നാണ് കോര്‍പ്പറേഷന്റെ സംശയം. എന്നാല്‍ മാലിന്യം അളവില്‍ കൂടിയതിനാല്‍ കോര്പ്പറേഷന് തന്നെ തീയിട്ടതാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
ഇന്നലെ വൈകിട്ട് നാല് മണിയോട് കൂടിയാണ് ബ്രഹ്മപുരം മാലിന്യ സംസ്കരണപ്ലാന്റിന് തീപിടിത്തമുണ്ടായത്. ഇവിടെ ജനുവരിയില്‍ രണ്ടു തവണ തീപിടിത്തമുണ്ടായിരുന്നു.
സംഭവത്തെക്കുറിച്ച് റവന്യൂ മന്ത്രി വിശദമായ റിപ്പോര്‍ട്ട് തേടി.