കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാസകൃഷ്ണന് മറുപടിയുമായി എൻഎസ്എസ്. കോടിയേരിയുടെ ഭാഷ അതിര് കടക്കുന്നുവെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. അധികാരം കയ്യിലുണ്ടെന്ന് കരുതി എന്തും പറയാമെന്ന് ധരിക്കരുത്. കോടിയേരിയുടെ ഭാഷയിൽ മറുപടി പറയാൻ സംസ്കാരം അനുവദിക്കുന്നില്ല.ചേരിതിരിവുണ്ടാക്കാനുള്ള ശ്രമത്തെ അതിജീവിക്കാനുള്ള കരുത്ത് തങ്ങൾക്കുണ്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു.
വിശ്വാസ സംരക്ഷണ കാര്യത്തിൽ എൻഎസ്എസ് നിലപാട് വ്യക്തമാണ്. അതിന്റെ പേരിൽ നേതൃത്വത്തെ അപമാനിക്കാനോ എൻഎസ്എസിൽ ചേരിതിരിവ് ഉണ്ടാക്കാനോ ഉള്ള ശ്രമം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അതിനെ അതിജീവിക്കാനുള്ള സംഘടനാ ശേഷിയും കെട്ടുറപ്പും എൻഎസ്എസിനുണ്ടെന്ന കാര്യം ആരു വിസ്മരിക്കേണ്ടെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.
എൻഎസ്എസിനെതിരെ വിമർശനവുമായി കോടിയേരി ബാലകൃഷ്ണൻ ഇന്ന് രംഗത്തെത്തിയിരുന്നു. മാടമ്പികളുടെ പിന്നാലെ നടക്കേണ്ട ഗതികേട് ഇപ്പോൾ സിപിഎമ്മിനില്ല. എൻഎസ്എസിന്റെ മാടമ്പിത്തരം കയ്യിൽവച്ചാൽ മതി. അനുനയിപ്പിക്കേണ്ടകാര്യമില്ല. എൻഎസ്എസ് നിലപാടുകൊണ്ട് ഒരു പ്രശ്നവുമില്ല. ഏതെങ്കിലും മതനേതാക്കൾ പറയുന്നത് പോലെയല്ല കാര്യങ്ങളെന്നും കോടിയേരി പറഞ്ഞിരുന്നു. ഇതിനാണ് സുകുമാരൻ നായർ മറുപടി നൽകിയിരിക്കുന്നത്.