കാസര്‍കോട്: കല്ല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനും ശരത്ലാലിനുമെതിരെ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ കൊലവിളി നടന്നിരുന്നതായി തെളിവുകള്‍. കൊലപാതകത്തിന് അറസ്റ്റിലായ പ്രതികളുള്‍പ്പെടെ കൊലവിളി നടത്തിയവരിലുണ്ട്. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ കാണിച്ച് നേരത്തേ പോലീസിന് പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് ഇത് കാര്യമായി എടുത്തില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത് പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് പിന്നിലെന്നാണ്. കൊല്ലപ്പെട്ട ശരത് ലാലിനെതിരെയാണ് മുഖ്യമായും കമന്റുകള്‍. കേസിലെ അഞ്ചാം പ്രതി ഇവന് ചാവാന്‍ റഡിയായി എന്ന് ഒരു കമന്റില്‍ പറയുന്നുണ്ട്. ശരത്ലാല് നേര്ച്ചകോഴിയാണെന്ന കമന്റും ഇയാള്‍ ഇട്ടിരുന്നു.
അതേസമയം, കൊലപാതകത്തിന് ശേഷം ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പിന്‍വലിച്ചിരുന്നു. പക്ഷേ ഇവയുടെ സ്ക്രീന്‍ ഷോട്ടുകള്‍ പോലീസിന് നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുക്കാനിരിക്കെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികള്‍ നടത്തിയ കൊലവിളിയുടെ തെളിവുകള്‍ പുറത്ത് വരുന്നത്.