കുവൈറ്റ് സിറ്റി : കുവൈറ്റ് ദേശീയദിനാഘോഷത്തോടനുബന്ധിച്ച് എന്‍.ബി.ടി.സി ഗ്രൂപ്പ് നടത്തുന്ന ‘വിന്റ്റര്‍ കാര്‍ണിവല്‍-2019’ ഫെബ്രുവരി 25-ന് വിപുലമായ പരിപാടികളോടെ കോര്‍പ്പറേറ്റ് ഓഫിസ് അങ്കണത്തില്‍ സംഘടിപ്പിക്കും. മേളയുടെ ഭാഗമായി മാരത്തോണ്‍, ഫുഡ് ഫെസ്റ്റ്, സ്റ്റേജ് ഷോ, അവാര്‍ഡ് വിതരണം, പ്രശസ്ത ഗായകരായ വിധു പ്രതാപ്, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടി എന്നിവ ഉണ്ടായിരിക്കും. ദേശീയദിനത്തോടനുബന്ധിച്ച് കുവൈത്തിനോടുള്ള ആദരവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചു കൊണ്ട് എന്‍.ബി.ടി.സി സംഘടിപ്പിക്കുന്ന മാരത്തോണ്‍, ഇന്ത്യക്ക് വേണ്ടി ആദ്യമായി ഒളിമ്പിക്സ് മെഡല്‍ നേടിക്കൊടുത്ത പ്രശസ്ത കായികതാരം അഞ്ചു ബോബി ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്യും. എന്‍.ബി.ടി.സി ചെയര്മാന് മുഹമ്മദ് എന്‍. അല്‍ ബദ്ദ, മാനേജിംഗ് ഡയറക്ടര്‍ കെ.ജി.എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കും. കേരളത്തിലെ വെള്ളപ്പൊക്കത്തില്‍ സ്ത്യുത്യര്‍ഹ സേവനം നടത്തിയ മത്സ്യതൊഴിലാളി പ്രതിനിധി ജൈസല്‍ കെ.പിയെ ചടങ്ങില്‍ ആദരിക്കും. കാര്‍ണിവലിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍, വിവിധ അവാര്‍ഡുകള്‍, ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, എന്‍.ബി.ടി.സി ഫാമിലി വെല്‍ഫെയര്‍ ഫണ്ട് വിതരണം തുടങ്ങിയവയും നടക്കുമെന്ന് കമ്പനി അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.