ന്യൂഡൽഹി: പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളിലെ തൊഴിലാളികൾക്ക് പെൻഷൻ പദ്ധതിയുടെ ഭാഗമാകാൻ അവസരമൊരുക്കി കേന്ദ്ര സർക്കാർ. 1995 ജൂൺ മാസം 28 വരെ ജോലിയിൽ പ്രവേശിച്ചവർക്ക് പെൻഷൻ പദ്ധതിയുടെ ഭാഗമാകാൻ ഒരവസരം കൂടി നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.
1997 ഏപ്രിൽ മാസത്തിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ, ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, ഓറിയന്റ്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, യുണൈറ്റഡ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്, ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് സമാനമായ അവസരം ലഭിച്ചിരുന്നു.
പക്ഷേ അർഹരായ പല തൊഴിലാളികൾക്കും അന്ന് അവസരം വിനിയോഗിക്കാൻ സാധിച്ചിരുന്നില്ല.
വിരമിച്ചതും അല്ലാത്തതുമായ 42800ഓളം തൊഴിലാളികൾക്ക് ഈ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും. ഇതിൽ 24600 പേർ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിലും പതിനെണ്ണായിരത്തോളം പേർ മറ്റ് സ്ഥാപനങ്ങളിലും ഉള്ളവരാണ്.