ന്യൂഡൽഹി: അടിസ്ഥാനപരമായി ഒരു മാറ്റവും വരുത്താത്ത കേവലമുദ്രാവാക്യം മാത്രമായിരുന്നു ‘ഗരീബി ഹട്ടാവോ‘ (ദാരിദ്ര്യ നിർമാർജനം) എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മുദ്രാവാക്യമായിരുന്നു അത്.
ഇന്ത്യ ദാരിദ്ര്യത്തോട് പൊരുതിക്കൊണ്ടിരിക്കവെ കോൺഗ്രസ്സ് നമുക്ക് നൽകിയത് കേവലം ഒരു മുദ്രാവാക്യം മാത്രമായിരുന്നു. ദാരിദ്ര്യ നിർമ്മാർജനം എങ്ങനെ നേടിയെടുക്കണമെന്ന് പറഞ്ഞു തരാൻ അവർക്ക് കഴിഞ്ഞില്ല. അവർ രാജ്യത്തുടനീളം ദാരിദ്ര്യ നിർമ്മാർജ്ജനത്തെക്കുറിച്ച് പ്രസംഗിക്കുക മാത്രം ചെയ്തു. അദ്ദേഹം പറഞ്ഞു.
‘തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് കോൺഗ്രസ്സ് കർഷകരെക്കുറിച്ച് ഓർമിക്കുന്നത്. മുൻ കാലങ്ങളിൽ അധികാരത്തിലെത്തിയപ്പോൾ കർഷകർക്കായി ഒന്നും ചെയ്യാൻ കഴിയാത്തവരാണ് ഇപ്പോൾ കർഷകർക്കായി കപടവാഗ്ദാനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.’ അദ്ദേഹം കൂട്ടിച്ചേർത്തു.