ന്യൂഡൽഹി: ക്ലീൻഷേവ് ചെയ്ത സുന്ദരൻ മുഖങ്ങൾക്ക് തത്കാലം വിട. ഇരുവശങ്ങളിലേക്കും പിരിച്ചു വെച്ച ഗൺസ്ലിങ്ങർ മീശ ഇന്ത്യൻ പുരുഷ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പുത്തൻ ഭാഷ്യം ചമയ്ക്കുകയാണ്. പത്രത്താളുകളിലും സമൂഹമാദ്ധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന അഭിനന്ദൻ മീശയ്ക്ക് പിന്നാലെയാണ് ഇന്ന് ഇന്ത്യൻ യുവത്വം. പാകിസ്ഥാൻ വിമാനം വെടി വെച്ച് തകർത്ത്, ശത്രുവിന്റെ പിടിയിൽ അകപ്പെട്ടിട്ടും അടിപതറാതെ തിരിച്ചെത്തിയ ആ അസാമാന്യ ധീരതയോടൊപ്പം വീരത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുകയാണ് ആ കൊമ്പൻ മീശ.
അഭിനന്ദൻ ഒരു ട്രെൻഡായി ഇന്ത്യയിൽ അതിവേഗം മാറുമെന്നാണ് പ്രമുഖ ഫാഷൻ ഡിസൈനർമാരുടെ വിലയിരുത്തൽ. ചങ്കൂറ്റത്തോടെ ശത്രുപാളയങ്ങളിലേക്ക് രഥം പായിക്കുന്ന ചേര-ചോള രാജാക്കന്മാരുടെ പെയിന്റിംഗുകളെ അനുസ്മരിപ്പിക്കുന്ന അഭിനന്ദൻറ്റെ രൂപം ഇപ്പോൾ തന്നെ ഇന്ത്യൻ യുവതയുടെ വികാരമായി മാറിക്കഴിഞ്ഞു. കമൽ ഹാസ്സന്റെ തേവർമകൻ മീശയ്ക്കും സൂര്യയുടെ സിങ്കം മീശയ്ക്കും പിന്നാലെ ഭാരതത്തിലാകമാനം തരംഗമായി മാറാൻ തയ്യാറെടുക്കുകയാണ് അഭിനന്ദന്റെ കൊല മാസ്സ് മീശ.