അബുദാബി ഫൗണ്ടേഴ്സ് മെമ്മോറിയലിൽ നടന്നവർണാഭമായ പരിപാടിയിലാണ് ദീപശിഖക്ക് തിരിതെളിയിച്ചത്. ഏതൻസിൽ നിന്നും ഇത്തിഹാദിന്റെ പ്രത്യേക വിമാനത്തിൽ കൊണ്ടുവന്ന തീനാളമാണ് ഫൗണ്ടേഴ്സ് മെമ്മോറിയലിലെ വലിയ ദീപശിഖയിൽ തെളിയിച്ചത്.വളണ്ടിയർമാരും സംഘാടകരും കായികതാരങ്ങളും ഉൾപ്പെടെ ആയിരങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ദീപം തെളിയിക്കൽ ചടങ്ങ് നടന്നത്. സ്റ്റേറ്റ് മന്ത്രി സുൽത്താൻ അൽ ജാബർ ചടങ്ങിൽ പങ്കെടുത്തു. സ്പെഷ്യൽ ഒളിമ്പിക്സിന്റെ ദീപശിഖ പ്രയാണം ഫുജൈറയിൽ നിന്ന് ആരംഭിച്ചു. മത്സരാർത്ഥികളും പോലീസും സന്നദ്ധ പ്രവർത്തകരും ദീപശിഖയെ അനുഗമിക്കുന്നുണ്ട്. ഏഴ് എമിറേറ്റുകളിലൂടെയും കടന്നുപോകുന്ന പ്രയാണം മാർച്ച് 14ന് ശൈഖ് സായിദ് സ്പോർട്സ് സിറ്റിയിലെ ഉദ്ഘാടന വേദിയിൽ സമാപിക്കും. മാർച്ച് 14 മുതൽ 21 വരെ നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ ഇന്ത്യയിൽ നിന്നുള്ള മുന്നൂറോളം ഭിന്നശേഷിക്കാരായ പ്രതിഭകളാണ് പങ്കെടുക്കുന്നത് 195 രാജ്യങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ മത്സരാർത്ഥികൾ മാറ്റുരക്കുന്ന ഒളിമ്പിക്സിൽ യു.എ.ഇ കഴിഞ്ഞാൽ ഏറ്റവുമധികം പേരെത്തുന്നതും ഇന്ത്യയിൽ നിന്നാണ്.