കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഉണ്ടായ കുറവും, എല്ലാ വിഭാഗം ജനങ്ങളുടെയും സുരക്ഷയും, സംരക്ഷണവും ഉറപ്പു വരുത്തുന്ന നടപടികൾ പ്രാവർത്തികമായതിന്റെയും ഫലമായി എമിറേറ്റ് കൂടുതൽ സുരക്ഷിതമായതായി ഷാർജ പോലീസ്. ഷാർജയിൽ വിളിച്ചു ചേർത്ത മൂന്നാമത് മാധ്യമ സമ്മേളനത്തിലാണ് കഴിഞ്ഞ വർഷത്തെ പോലീസ് സേവനം സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തു വിട്ടത്. ഷാർജ പോലീസിന്റെ മികച്ച മാധ്യമ സേവനത്തിനുള്ള അനുമോദന പുരസ്കാരം ജനം ടി വിക്ക് ലഭിച്ചു.
വിവിധ സൂചകങ്ങൾ നൽകുന്ന കണക്കുകൾ അനുസരിച്ച് ഷാർജ എമിറേറ്റിലെ സുരക്ഷ 98% വരെ ഉയർന്നിട്ടുണ്ട്. ഒരു ലക്ഷം നിവാസികൾക്കിടയിൽ കഴിഞ്ഞ വർഷം ഉണ്ടായ ഗുരുതര കുറ്റകൃത്യങ്ങളുടെ എണ്ണം 58 മാത്രമാണ്. കഴിഞ്ഞ വർഷം ലഭിച്ച പരാതികളിൽ 43 ശതമാനവും ഉചിതമായ രീതിയിൽ പരിഹരിക്കാനും സാധിച്ചിട്ടുണ്ട് എന്ന് കണക്കുകളെ ഉദ്ധരിച്ച് ഷാർജ പോലീസ് വിഭാഗം മേധാവികൾ അറിയിച്ചു. കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതിന്റെയും സെക്യൂരിറ്റി ഷീൽഡ്, റാശിദ് തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയാനാവശ്യമായ പദ്ധതികൾ നടപ്പാക്കിയതിന്റെയും ഫലമായാണ് ഈ നേട്ടങ്ങൾ കൈവരിക്കാനായത് എന്നും അധികൃതർ ചൂണ്ടിക്കാട്ടി. പോലീസ് പട്രോൾ സംവിധാനം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സാധിച്ചു.
യാചക നിരോധന സന്ദേശം ഉൾപ്പടെയുള്ള ബോധവൽക്കരണ പരിപാടികൾ ലക്ഷ്യം കണ്ടതും എമിറേറ്റിന്റെ സുരക്ഷയെ സഹായിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് പോലുള്ള കുറ്റകൃത്യങ്ങളിൽ 61 ശതമാനം കുറവാണ് കഴിഞ്ഞ വര്ഷം രേഖപ്പെടുത്തിയത്. റോഡപകടങ്ങളിൽ 14 ശതമാനം കുറവുണ്ടായി. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനാൽ അടിയന്തിര സാഹചര്യങ്ങളിൽ ശരാശരി ഒൻപതര മിനിറ്റിനുള്ളിൽ പോലീസ് സേനക്ക് പ്രവർത്തന സജ്ജരാകാൻ സാധിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഷാർജ പോലീസ് വകുപ്പിന്റെ ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ മികവുറ്റ പ്രവർത്തനം ആണ് കഴിഞ്ഞ വര്ഷം കാഴ്ച വെച്ചത്.
സേനയെ കൂടുതൽ ജനകീയ സൗഹൃദവും, കാര്യക്ഷമവുമാക്കാൻ മൊബൈൽ ഇൻസിഡന്റ്സ് മാനേജ്മെന്റ് സെന്റർ പോലുള്ള 13 പദ്ധതികൾക്കും ഷാർജ പോലീസ് തുടക്കം കുറിച്ചു. വിവിധ സ്ഥാപനങ്ങളും, വ്യക്തികളും ഏർപ്പെടുത്തിയ 20 പുരസ്കാരങ്ങളും കഴിഞ്ഞ വര്ഷം ഷാർജ പോലീസ് കരസ്ഥമാക്കി. ഷാർജ പോലീസ് ഓഫീസേഴ്സ് ക്ലബിൽ വിളിച്ചു ചേർത്ത മൂന്നാമത് മാധ്യമ സമ്മേളനത്തിലാണ് അധികൃതർ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. പോലീസ് വിഭാഗവുമായി ബന്ധപ്പെട്ട വാർത്തകൾ ജനങ്ങളിൽ എത്തിച്ചതിനുള്ള അനുമോദനം ജനം ടി വിക്ക് ലഭിച്ചു.