ന്യൂഡൽഹി: പൊതു തെരഞ്ഞടുപ്പിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.ജനാധിപത്യത്തിന്റെ ഉത്സവം വന്നെത്തിയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തെരഞ്ഞെടുപ്പിൽ പങ്കെടുത്ത് ഇന്ത്യൻ ജനത ജനാധിപത്യത്തെ സമ്പന്നമാക്കണം. ചരിത്രപരമായ ഫലം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കതെന്നും പ്രധാനമന്ത്രി. ആദ്യമായ വോട്ടുചെയ്യുന്നവരെയും അദ്ദേഹം സ്വാഗതം ചെയ്തു. നല്ല രീതിയിൽ തെരഞ്ഞടുപ്പ് നടത്താൻ കമ്മീഷനും ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും അദ്ദേഹം ആശംസകൾ അറിയിച്ചു.
സബ്കാ സാത് സബ്കാ വികാസ് എന്ന മുദ്യാവാക്യത്തിലൂടെ എൻഡിഎ വീണ്ടും ജനവിധി തേടുകയാണ്. 70 വർഷമായി സാധ്യമാകാതിരുന്ന അടിസ്ഥാന സൗകര്യങ്ങൾ സാധ്യമാക്കുന്നതിനാണ് അഞ്ച് വർഷമായി പ്രവർത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷിതവും സമ്പന്നവും ശക്തവുമായ ഇന്ത്യയെ നിർമ്മിക്കേണ്ട സമയമാണിത്. 2014 ൽ ജനം യുപിഎയെ തള്ളിക്കളഞ്ഞു. യുപിഎ സർക്കാരിന്റെ സ്വജനപക്ഷപാതം, നയങ്ങളിലെ മരവിപ്പ് തുടങ്ങിയ കാരണങ്ങളാലാണ് യുപിഎ സർക്കാരിനെതിരെ ജനവികാരം ഉയർന്നത്.
എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ സ്ഥാനാർത്ഥികൾക്കും അദ്ദേഹം ആശംസകൾ അറിയിച്ചു. നമ്മളെല്ലാം പല രാഷ്ട്രീയ പാർട്ടികളിലുള്ളവരാണ് പക്ഷേ ഇന്ത്യയുടെ വികസനവും എല്ലാ ഇന്ത്യക്കാരുടേയും ശാക്തീകരണവും എന്ന ഒറ്റ ലക്ഷ്യമാണ് എല്ലാവർക്കുമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.