ശ്രീനഗര്‍: കശ്മീരിലെ ത്രാലില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പുല്‍വാമ ജില്ലയിലെ ത്രാലിലെ പിംഗ്ലിഷ് ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജയ്ഷെ ഇ മുഹമ്മദ് സംഘത്തില്‍പ്പെട്ട ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു.
രണ്ട് വിദേശികളടക്കമുള്ള ജയ്ഷെ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു.തുടര്‍ന്ന് സൈന്യവും സിആര്‍പിഎഫും സംയുക്തമായി നടത്തിയ തിരച്ചിലില്‍ ഭീകരരുടെ താവളം കണ്ടെത്തുകയും, സൈന്യം വളയുകയും ചെയ്തു.
മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം ഭീകരരെ വധിച്ചത്. ഭീകരരില്‍ നിന്നും 2 എകെ 47 തോക്കുകളും 1 പിസ്റ്റലും സൈന്യം പിടിച്ചെടുത്തു. കഴിഞ്ഞ ആഴ്ച ത്രാലില്‍ നടന്ന ഏറ്റുമുട്ടലിലും സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടി മേഖലയില്‍ പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
വെളുപ്പിന് നാലരയോട് കൂടി ആരംഭിച്ച വെടിവെപ്പ് ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടു നിന്നു. ഇന്ത്യന്‍ സേന അതിശക്തമായ തിരിച്ചടി തുടങ്ങിയതോടെ പാകിസ്ഥാന് പിന്മാറുകയായിരുന്നു.
അന്താരാഷ്ട്ര അതിര്‍ത്തിയുടെയും നിയന്ത്രണരേഖയുടെയും സമീപപ്രദേശങ്ങളില്‍ പാകിസ്ഥാന് ഇന്നലെയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.
ജമ്മു കശ്മീരിലെ രജൗറി, പൂഞ്ച് അഖ്നൂര്‍ മേഖലകളിലാണ് പാകിസ്ഥാന് പതിവായി വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്.