ശ്രീനഗര്‍: ജയ്ഷെ മുഹമ്മദ് ഭീകരനും പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ മുദസിര്‍ അഹമ്മദ് ഖാനെ സൈന്യം ഏറ്റുമുട്ടലില്‍ വകവരുത്തിയെന്ന് റിപ്പോര്‍ട്ട്. മുദസിറാണ് 40 സിആര്‍പിഎഫ് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ആക്രമണം ആസൂത്രണം ചെയ്തതെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇരുപത്തിമൂന്ന് വയസ്സുള്ള ഇയാള്‍ ഇലക്ട്രീഷ്യനാണ്.
ഇന്നലെ കശ്മീരിലെ ത്രാലില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മുദസിര്‍ ഉള്‍പ്പെടെ മൂന്ന് ഭീകരരെ വധിച്ചിരുന്നു. പുല്‍വാമ ജില്ലയിലെ ത്രാലിലെ പിംഗ്ലിഷ് ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.
മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് സൈന്യം ഭീകരരെ വധിച്ചത്. ഭീകരരില്‍ നിന്നും 2 എകെ 47 തോക്കുകളും 1 പിസ്റ്റലും സൈന്യം പിടിച്ചെടുത്തിരുന്നു.
പുല്‍വാമയില്‍ ആക്രമണം നടത്തിയ ചാവേര്‍ ആദില്‍ അഹമ്മദ് ദറുമായി മുസാദിര് നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച വാഹനവും സ്ഫോടക വസ്തുക്കളും കൈമാറിയത് ഇയാളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. പുല്‍വാമ ജില്ലയിലെ ത്രാല്‍ സ്വദേശിയായ മുദസിര്‍ 2017 മുതല്‍ ഭീകരപ്രവര്‍ത്തനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു.