ന്യൂഡൽഹി : ബംഗാളിലെ സിപിഎം എം.എൽ.എ ഖഗേൻ മുർമു ബിജെപിയിൽ ചേർന്നു. ബംഗാളിലെ ഹബീബ്പൂരിൽ നിന്നുള്ള എം.എൽ.എ ആണ് മുർമു. ബംഗാളിലെ ബിജെപി നേതാവ് മുകുൾ റോയ് , ദേശീയ ജനറൽ സെക്രട്ടറി കൈലാസ് വിജയ് വർഗീയ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു മുർമു ബിജെപിയിൽ ചേർന്നത്.
1969 മുതൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉറച്ച സീറ്റാണ് ഹബീബ്പൂർ. പട്ടിക വർഗ്ഗ സംവരണ മണ്ഡലമായ ഹബീബ്പൂരിൽ കഴിഞ്ഞ മൂന്ന് പ്രാവശ്യമായി എം.എൽ.എ ആണ് മുർമു.തൃണമൂൽ തരംഗത്തിനിടയിലും മണ്ഡലം സംരക്ഷിക്കാൻ കഴിയും വിധം സിപിഎമ്മിന്റെ ജനകീയ മുഖമായിരുന്നു മുർമു. ബംഗാളിലെ കരുത്തനായ കർഷക നേതാവും ഓൾ ഇന്ത്യ കിസാൻ സഭയുടെ നേതാവുമാണ് മുർമു.
ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള ഹബീബ്പൂരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടി നാൽപ്പതിനായിരത്തിലധികം വോട്ടുകൾ നേടിയിരുന്നു. തങ്ങളുടെ എം.എൽ.എ തന്നെ ബിജെപിയിൽ ചേർന്നത് കോൺഗ്രസ് എം.എൽ.എമാർ ബിജെപിയിൽ ചേരുന്നതിനെ വിമർശിച്ച് നിരന്തരം പ്രസ്താവനകളിറക്കിയിരുന്ന സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്.