India

പ്രതിപക്ഷം പതറുന്നു; ബിജെപി സഖ്യ രൂപീകരണവുമായി മുന്നോട്ട്

ന്യൂഡൽഹി: മാസങ്ങൾ നീണ്ടുനിന്ന യോഗങ്ങൾക്കും ജാഥകൾക്കും ശേഷവും മഹാസഖ്യം എന്നത് പ്രതിപക്ഷത്തിന് ഇപ്പോഴും ഒരു സങ്കല്പം മാത്രമായി അവശേഷിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതിന് ശേഷവും പ്രതിപക്ഷസഖ്യ രൂപീകരണത്തിന്റെ ചിത്രം ഇതുവരെ വ്യക്തമായിട്ടില്ല.

ഡൽഹിയിലും ഉത്തർപ്രദേശിലും മഹാസഖ്യം നിലവിലുണ്ടാകില്ലെന്ന് വ്യക്തമായി. ഡൽഹിയിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസ്സും തമ്മിൽ സഖ്യത്തിനില്ലെന്ന് വ്യക്തമാക്കുകയും വെവ്വേറെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഉത്തർ പ്രദേശിൽ സമാജ്വാദി പാർട്ടിയും ബിഎസ്പിയും തമ്മിൽ സഖ്യം രൂപീകരിക്കുകയും കോൺഗ്രസ്സ് സഖ്യത്തിന് പുറത്താവുകയും ചെയ്തു.

യുപിയിൽ 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ 80ൽ 73 സീറ്റുകളും ബിജെപി നേടിയിരുന്നു. കോൺഗ്രസ് സഖ്യം രൂപികരിക്കുന്നതിൽ പരാജയപ്പെട്ട സാഹചര്യത്തിൽ ശക്തമായ പ്രചാരണ പരിപാടികളുമായി ബിജെപി മുന്നേറുകയാണ്. ഡൽഹിയിൽ 7 സീറ്റുകൾ മാത്രമാണുള്ളതെങ്കിലും ദേശീയ തലസ്ഥാനമെന്ന നിലയിൽ സവിശേഷ പ്രാധാന്യമുള്ള മേഖലയാണ്. അവിടെയും സഖ്യരൂപീകരണത്തിൽ പരാജയപ്പെട്ട കോൺഗ്രസ്സിന്റെ നില അനിശ്ചിതത്വത്തിലാണ്.

രാഹുൽഗാന്ധിയുടെ നേതൃത്വം അംഗീകരിക്കാൻ ഇപ്പോഴും പ്രതിപക്ഷത്തെ പല പ്രമുഖ പാർട്ടികളും വിമുഖത കാട്ടുകയാണ്. ഇത് കോൺഗ്രസ്സിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. എന്നാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൻ കീഴിൽ വ്യക്തമായ ആസൂത്രണത്തോടെ എൻഡിഎ സഖ്യം മുന്നേറുന്ന കാഴ്ചയാണ് ഹിന്ദി മേഖലയിൽ പ്രകടമാകുന്നത്.

വിശാലമനസ്കതയും ത്യാഗസന്നദ്ധതയും നേതൃപാടവവും സഖ്യരൂപീകരണത്തിന്റെ അടിസ്ഥാനപാഠങ്ങളാണ്. എന്നാൽ ഇവ മൂന്നും എന്താണെന്ന് പോലും രാഹുലിനറിയില്ലെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ദേശീയ തലത്തിൽ ഒരുപാട് പിന്നോട്ട് പോയ കോൺഗ്രസ്സ് ഇപ്പോഴും ചെറുപാർട്ടികളോട് കാട്ടുന്ന വല്ല്യേട്ടൻ നയം അവർക്ക് കനത്ത തിരിച്ചടിയാണ് കൂട്ടുകക്ഷി രാഷ്ട്രീയത്തിൽ നൽകുന്നത്.

എന്നാൽ തമിഴ്നാട്ടിൽ എഐഎഡിഎംകെ അടക്കമുള്ള കക്ഷികളുമായി ബിജെപി സഖ്യത്തിലെത്തിക്കഴിഞ്ഞു. മഹാരാഷ്ട്രയിൽ ഉടക്കിനിന്ന ശിവസേനയെ ബിജെപി മെരുക്കിയതും രാജനൈതിക നിപുണതയുടെ ദൃഷ്ടാന്തമായി വിലയിരുത്തപ്പെടുന്നു. ബിഹാറിലെ എൻഡിഎ സഖ്യവും പ്രതിപക്ഷത്തെ അസൂയപ്പെടുത്തുകയാണ്. ഉത്തർപ്രദേശിൽ എൻഡിഎ സഖ്യകക്ഷിയായിരുന്ന അപ്നാദളുമായി നിലവിലുണ്ടായിരുന്ന തർക്കങ്ങളും അവസാനനിമിഷത്തിൽ പറഞ്ഞു തീർത്ത് തിരഞ്ഞെടുപ്പിന് തങ്ങൾ പരിപൂർണ്ണ സജ്ജരാണെന്ന് വിളംബരം ചെയ്യുകയാണ് ഭാരതീയ ജനതാ പാർട്ടി.

എന്നാൽ മമതാ ബാനർജിയും ചന്ദ്രബാബു നായിഡുവും കോൺഗ്രസ്സിന് പിന്തുണ അറിയിക്കുന്നുണ്ടെങ്കിലും സഖ്യം രൂപീകരിക്കുന്ന കാര്യത്തിൽ നയപരമായ ചർച്ചകൾ ഒന്നും നടക്കുന്നില്ല. ബംഗാളിലാകട്ടെ മമതയെ നേരിടാൻ ബദ്ധവൈരികളായ സിപിഎമ്മുമായി ചേർന്ന് മത്സരിക്കുന്ന കോൺഗ്രസ്സിന് തൃണമൂലും ബിജെപിയും ഒരേപോലെ വെല്ലുവിളി ഉയർത്തുകയാണ്. ചിത്രത്തിലെങ്ങുമില്ലാത്ത സിപിഎമ്മുമായുള്ള സഖ്യം കോൺഗ്രസ്സിന് എത്രകണ്ട് ഗുണം ചെയ്യുമെന്നതും കാത്തിരുന്ന് കാണേണ്ടതാണ്.

11K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close