കഴിഞ്ഞ വര്ഷം യു എ ഇ പ്രഖ്യാപിച്ച ദീർഘ കാല വിസാ പദ്ധതി നിലവിൽ വന്നു. നിക്ഷേപകർ, ഡോക്ടർമാർ തുടങ്ങി പത്തോളം മേഖലയിൽ പ്രാഗൽഭ്യം ഉള്ളവർക്കാണ് പത്തു വര്ഷം വരെയുള്ള താമസ വിസ അനുവദിക്കുന്നത്.
വിവിധ മേഖലയിൽ പ്രാഗൽഭ്യം ഉള്ളവർക്കും, നിക്ഷേപകർക്കുമായി പത്തു വർഷം വരെയുള്ള ദീർഘകാല വിസ അനുവദിക്കുന്നതാണെന്ന് യു എ ഇ സർക്കാർ ഇക്കഴിഞ്ഞ നവംബറിലാണ് പ്രഖ്യാപിച്ചത്. ഇന്ന് ചേർന്ന യു എ ഇ മന്ത്രിസഭ യോഗമാണ് ഈ പദ്ധതി പ്രാബല്യത്തിൽ വരുത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി അറിയിച്ചത്. ശാസ്ത്ര സാങ്കേതികം, ഗവേഷണം, വൈദ്യശാസ്ത്രം, യു എ ഇ യിൽ നിക്ഷേപം നടത്തുന്നവർ എന്നിവർക്കാണ് ദീർഘകാല വിസയ്ക്കായി അപേക്ഷിക്കാവുന്നത്. ഇതിനൊപ്പം യുഎഇ യിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് അഞ്ചു വര്ഷം വരെയുള്ള താമസ വിസയും അനുവദിക്കും. മികവുറ്റ പ്രകടനം കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്ക് പത്തു വര്ഷം വരെയുള്ള വിസക്കും അപേക്ഷിക്കാം. യുഎഇ താമസ കുടിയേറ്റ വകുപ്പ് ദീർഘകാല വിസക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായും, വിവിധ മേഖലകളിൽ കഴിവുള്ളവരെ സ്വാഗതം ചെയ്യുന്നതായും ദുബായ് മീഡിയ ഓഫീസ് തങ്ങളുടെ ഒദ്യോഗിക ട്വിറ്റർ സന്ദേശത്തിൽ അറിയിച്ചു. ശാസ്ത്ര മേഖലയിലെ മികവ് പരിഗണിച്ച് നൽകുന്ന മുഹമ്മദ് ബിൻ റാഷിദ് മെഡൽ നേടിയ പത്ത് ശാസ്ത്രജ്ഞർക്ക് ഇക്കഴിഞ്ഞ ജനുവരിയിൽ പത്തു വർഷത്തെ ദീർഘകാല വിസ അനുവദിച്ചിരുന്നു. പദ്ധതി പ്രാബല്യത്തിലാകുന്നതോടെ യു എ ഇ യിൽ കൂടുതൽ വിദേശ നിക്ഷേപം സാധ്യമാകുമെന്നും, അത് വഴി തൊഴിലവസരങ്ങൾ വർധിക്കുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.