നാളെ ഞങ്ങൾ പറുദീസയിലെത്തും അവർ നരകത്തിൽ കിടന്ന് വെന്തെരിയും ; അവസാന കേന്ദ്രവും നഷ്ടമാകുമ്പോഴും സ്വർഗ്ഗത്തിൽ പോകുമെന്ന് വീഡിയോ ഇറക്കി ഐഎസ്; സ്വർഗം വേണ്ട ജീവൻ മതിയെന്ന് കീഴടങ്ങിയ മൂവായിരം ഭീകരർ

ഡമാസ്കസ്: ഭീകരതയുടെ കറുത്ത കൊടിയുമായി ലോകം കീഴടക്കാനിറങ്ങിയ ഇസ്ലാമിക് സ്റ്റേറ്റിന്റെ അവസാന കേന്ദ്രവും നഷ്ടമാകുന്നു. ബാഗൂസിൽ തമ്പടിച്ച ഭീകരർ ജനങ്ങളെ ബന്ദികളാക്കി കേന്ദ്രം സംരക്ഷിക്കാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും സഖ്യസൈന്യത്തിന്റെ മുന്നിൽ പിടിച്ചു നിൽക്കാനാകുന്നില്ലെന്നാണ് റിപ്പോർട്ട്. വളരെ ചെറിയ സ്ഥലത്തുമാത്രമാണ് ഇപ്പോൾ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുള്ളത്.മൂവായിരത്തോളം ഭീകരർ ഇതുവരെ കീഴടങ്ങിയതായി എസ്.ഡി.എഫ് വക്താവ് വ്യക്തമാക്കി.
തോൽവി ആസന്നമാണെങ്കിലും ജിഹാദിനു വേണ്ടിയുള്ള പ്രചാരണം തുടരുകയാണ് ബാക്കി വരുന്ന ഐ.എസ് ഭീകരർ.തങ്ങളെ പിന്തുണയ്ക്കുന്നവർ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെടുന്ന വീഡിയോ ഭീകരർ പുറത്തുവിട്ടു. തങ്ങളിൽ വിശ്വാസമർപ്പിച്ചവർ ഒരു കാരണവശാലും വിഷമിക്കേണ്ടെന്ന് വീഡിയോയിൽ പറയുന്നു.
ദൈവം അനുവദിച്ച് നാളെ തങ്ങൾ സ്വർഗത്തിൽ പോകും. ശത്രുക്കൾ നരകത്തിൽ കിടന്ന് വെന്തെരിയുമെന്നും വീഡിയോയിൽ അവകാശപ്പെടുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ അബു അബ്സ് അൽ അസീമാണ് വീഡിയോയിൽ സംസാരിക്കുന്നത്.
അവിശ്വാസികൾ ഞങ്ങളുടെ പരാജയം കണ്ട് പൊട്ടിച്ചിരിക്കുകയാണ്. ഒരു യുദ്ധമാവുമ്പോൾ വിജയവും പരാജയവുമുണ്ടാകും. പക്ഷേ ഇതുകൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്നും വീഡിയോയിൽ പറയുന്നു.
2014 ൽ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഇറാഖിന്റെയും സിറിയയുടേയും നല്ലൊരു ശതമാനം പ്രദേശവും കൈക്കലാക്കിയ ഇസ്ലാമിക്ക് സ്റ്റേറ്റ് അമേരിക്കയുടേയും റഷ്യയുടേയും ഇടപെടലും സിറിയൻ ജനാധിപത്യസേനയുടെ ശക്തമായ പ്രതിരോധവും കാരണമാണ് ക്ഷയിച്ചത്. പ്രധാന കേന്ദ്രങ്ങളായ റഖയും മൊസൂളും നഷ്ടമായതിനു ശേഷം പിന്നീടൊരിക്കലും പഴയ പ്രതാപത്തിലേക്കെത്താൻ ഇസ്ലാമിക് സ്റ്റേറ്റിനു കഴിഞ്ഞിരുന്നില്ല. അവസാന യുദ്ധത്തിന് തയ്യാറെടുക്കാനുള്ള ആഹ്വാനം തള്ളി ജീവനുവേണ്ടി സഖ്യസേനയ്ക്ക് മുന്നിൽ കീഴടങ്ങിയത് ഇതുവരെ മൂവായിരത്തോളം ഐഎസ് ഭീകരരാണ്.
അവസാന കേന്ദ്രമായ ബാഗൂസ് സഖ്യസൈന്യം വളഞ്ഞിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരെ മനുഷ്യമതിലാക്കി നിർത്തിയാണ് ഐഎസ് ഭീകരർ യുദ്ധം ചെയ്യുന്നത്. ഇതിനാൽ അവസാന ആക്രമണം നടത്താതെ കേന്ദ്രം ഉപരോധിക്കുകയാണിപ്പോൾ സഖ്യസൈന്യം. നിരവധി കുട്ടികളേയും സ്ത്രീകളേയും രക്ഷിക്കാൻ കഴിഞ്ഞെങ്കിലും ഇനിയും വളരെയധികം പേർ ബാഗൂസിൽ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രത്തിലുണ്ട്. ഇവരെ എല്ലാവരേയും രക്ഷപ്പെടുത്തിയിട്ടേ അവസാന യുദ്ധം നടത്തുകയുള്ളൂവെന്ന് സിറിയൻ ജനാധിപത്യ സേന വ്യക്തമാക്കുന്നു.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..