ലണ്ടന്‍: അര്‍ദ്ധനഗ്നമായി വസ്ത്രം ധരിച്ച് വിമാനത്തില്‍ യാത്രചെയ്യാനെത്തിയ യുവതിയെ തടഞ്ഞ് എയര്‍ലൈന്‍സ് ജീവനക്കാര്‍. മാര്‍ച്ച് 2 ന് യുകെയിലെ ബിര്‍മിന്‍ഗാമില്‍ നിന്നും കാനറി അയലന്റിലേയ്ക്ക് യാത്രചെയ്യാന്‍ വിമാനത്തില്‍ കയറിയ എമിലി ഒ കോണര്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്. തോമസ് കുക്ക് എയര്‍ലൈന്‍സ് ജീവനക്കാരാണ് യുവതിയെ യാത്രചെയ്യുന്നതില്‍ നിന്നും വിലക്കിയത്.
എമിലി ധരിച്ചിരുന്നത് സ്പെഗെറ്റി സ്ട്രാപ്പുള്ള ചെറിയ ടോപ്പും ഹൈ വെയ്സ്റ്റ് പാന്റ്സുമായിരുന്നു. ഇത് പ്രകോപനമായ വസ്ത്രമെന്നാണ് എയര്‍ലൈന്‍സ് ജീവനക്കാരുടെ വിലയിരുത്തല്‍.
സുരക്ഷാ പരിശോധനകള്‍ക്കുശേഷം വിമാനത്തില്‍ കയറിയ എമിലിയെ ജീവനക്കാര്‍ തടയുകയും വസ്ത്രം മാറിയില്ലെങ്കില്‍ യാത്ര ചെയ്യുവാന്‍ സാധിക്കില്ലെന്നും അറിയിച്ചു.
ഇത്തരം ലജ്ജാവഹമായ ഒരനുഭവം തനിക്കുണ്ടായിട്ടില്ലെന്ന് എമിലി പ്രതികരിച്ചു. ജീവനക്കാര്‍ തന്റെ വസ്ത്രധാരണത്തെ പഴിക്കുമ്പോള്‍ വിമാനത്തില്‍ പിന്നിലെ സീറ്റില്‍ ഇരുന്ന ഒരു പുരുഷന് അര്‍ദ്ധ നഗ്നമായ വസ്ത്രമായിരുന്നു ധരിച്ചിരുന്നതെന്നും അതില്‍ ജീവനക്കാര്‍ പരിഭവമില്ലായിരുന്നെന്നും എമിലി കുറ്റപ്പെടുത്തി. ജീവനക്കാരുടെ നടപടി സ്ത്രീ വിരുദ്ധമാണ്. തന്റെ വസ്ത്രധാരണത്തില്‍ സഹയാത്രക്കാര്‍ക്ക് ആര്‍ക്കും വിഷമമില്ലയിരുന്നെന്നും യുവതി പറഞ്ഞു.
പിന്നീട് യുവതിയുടെ സഹോദരന് നല്കിയ ജാക്കറ്റ് ധരിച്ചശേഷമാണ് യുവതിയെ വിമാനത്തില്‍ യാത്രചെയ്യാന്‍ അനുവദിച്ചത്. താന്‍ ജാക്കറ്റ് ധരിച്ചുവെന്ന് ഉറപ്പാകുന്നത് വരെ ജീവനക്കാര്‍ സമീപത്ത് തന്നെയുണ്ടായിരുന്നെന്നും എമിലി പറയുന്നു.
അതേസമയം, വസ്ത്ര ധാരണത്തിന്റെ പേരില്‍ വിമാനയാത്രക്കിടെയുണ്ടായ ദുരനുഭവത്തില്‍ ക്ഷമാപണവുമായി എയര്‍ലൈന്‍ കമ്പനിയെത്തി. തോമസ് കുക്ക് എയര്‍ലൈന്‍സിന് വസ്ത്രധാരണത്തില്‍ കമ്പനിയുടേതായ പോളിസിയുണ്ടെന്നും അത് പിന്തുടരുന്നതാണ് കമ്പനിയുടെ രീതിയെന്നും അധികൃതര്‍ വ്യക്തമാക്കി.