ന്യൂഡൽഹി ; തൃണമൂൽ കോൺഗ്രസ് എം എൽ എ അർജ്ജുൻ സിംഗ് ബിജെപി യിൽ ചേരുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ ദേശീയ മാദ്ധ്യമങ്ങളോട് അവിടെ ഉണ്ടായിരുന്ന രവിശങ്കർ പ്രസാദ് പറഞ്ഞത് ‘ ഇത് വെറും ട്രയിലർ ആണെന്നും, യഥാർത്ഥ സിനിമ വരാനിരിക്കുകയാണെന്നുമാണ് ‘ അതെ ഇപ്പോൾ യഥാർത്ഥ സിനിമ തുടങ്ങിക്കഴിഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവായ ടോം വടക്കൻ ബിജെപി യിൽ ചേർന്നതിന്റെ ഞെട്ടൽ കോൺഗ്രസ് നേതൃത്വത്തിൽ നിന്നും മാറിയിട്ടില്ല .
അർജ്ജുൻ സിംഗ് പാർട്ടി അംഗത്വം സ്വീകരിച്ച് പോകാൻ തുടങ്ങുമ്പോഴാണ് മാദ്ധ്യമങ്ങളെ ഒന്നടങ്കം ഞെട്ടിച്ച് രവിശങ്കർ പ്രസാദ് ടോം വടക്കൻ വേദിയിലേയ്ക്കും,ഒപ്പം ഭാരതീയ ജനതാ പാർട്ടിയിലേയ്ക്കും കടന്നു വന്നത്.
മാദ്ധ്യമങ്ങളിൽ നിന്ന് വാർത്ത അറിഞ്ഞ പലരും ചാനലുകളിൽ വിളിച്ച് ചോദിച്ചാണ് വിവരം ഉറപ്പിച്ചത് . സോണിയാ ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ടോം വടക്കൻ കോൺഗ്രസിൽ വിവിധ അധികാര കേന്ദ്രങ്ങൾ ഉള്ളതായി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു .
ആത്മാഭിമാനമുള്ള ആർക്കും കോൺഗ്രസിൽ തുടരാനാവില്ലെന്ന് പാർട്ടിയിൽ നിന്ന് രാജിവച്ച ശേഷം ടോം വടക്കൻ പറഞ്ഞിരുന്നു .പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിതാഷായ്ക്കും നന്ദി അറിയിക്കുന്നുവെന്നും ടോം വടക്കൻ ബിജെപി ദേശീയ ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.