ന്യൂഡൽഹി : അതെ ‘ മോദിയ്ക്ക് കഴിയും ‘ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പുതിയ മുദ്രാവാക്യമാണിത് . കേന്ദ്ര ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലിയാണ് ഫെയ്സ്ബുക്ക് വഴി മുദ്രാവാക്യം പുറത്ത് വിട്ടത്.
കഴിഞ്ഞ അഞ്ചു വർഷമായി പ്രധാനമന്ത്രി പദവിയിലിരുന്ന് രാജ്യത്തിന്റെ വികസനത്തിനായി ചെയ്ത പ്രവർത്തികളിലൂടെ അദ്ദേഹം അത് തെളിയിച്ചതാണ്. പലർക്കും കഴിയാതിരുന്നവ സാധിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത് സ്വന്തം പ്രവർത്തികളോടുള്ള ആത്മാർത്ഥതയും,ഉത്സാഹവും കൊണ്ടാണ് ജയ്റ്റ്ലി കുറിച്ചു.
സാമ്പത്തികം,വിദേശനയം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.സങ്കീർണ്ണമായ വിഷയങ്ങളിൽ പോലും അതിവേഗം തീരുമാനങ്ങൾ കൈക്കൊണ്ടത് പ്രധാനമന്ത്രിയുടെ വ്യക്തതയും,നിശ്ചയദാർഢ്യവും കൊണ്ടാണ്.
തീരുമാനങ്ങൾ കൈക്കൊള്ളുന്ന കാര്യത്തിലും,അത് പ്രാവർത്തികമാക്കുന്ന കാര്യത്തിലും ഈ വ്യക്തത ഉള്ളത് രാജ്യത്തിന്റെ കുതിപ്പിനെ തന്നെയാണ് സഹായിച്ചത്.അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു മുദ്രാവാക്യം ബിജെപി ഉയർത്തുന്നതെന്നും ജയ്റ്റ്ലി വ്യക്തമാക്കി.