ന്യൂഡൽഹി: ടോം വടക്കന്റെ ബിജെപി പ്രവേശനത്തെച്ചൊല്ലി കോൺഗ്രസ് ബിജെപി വാക് പോര് തുടരുന്നു. വടക്കന്‍ വലിയ നേതാവല്ലെന്ന് കോൺഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി പ്രതികരിച്ചു. ഛത്തീസ്ഗഢിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
വടക്കന്‍ വലിയ നേതാവല്ലെങ്കിൽ പിന്നെ കോൺഗ്രസിലെ വലിയ നേതാക്കൾ ആരൊക്കെയാണെന്ന് രാഹുൽ വ്യക്തമാക്കണമെന്ന് ബിജെപി എംപി രാകേഷ് സിന്‍ഹ തിരിച്ചടിച്ചു. ബിജെപിയിലേക്ക് പോയ വടക്കന്‍ എല്ലാവിധ ആശംസകളും നേരുന്നുവെന്ന് കോൺഗ്രസ് വക്താവ് സുർജെവാല പ്രതികരിച്ചു.
സോണിയ ഗാന്ധിയുടെ അടുത്ത അനുയായിയും എഐസിസി മുൻ സെക്രട്ടറിയുമായിരുന്ന ടോം വടക്കൻ ഇന്നലെയാണ് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് ബിജെപിയിൽ ചേർന്നത്. ഡൽഹി ബിജെപി ആസ്ഥാനത്ത് വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്നാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.
ആത്മാഭിമാനമുള്ള ആർക്കും കോൺഗ്രസിൽ തുടരാനാവില്ലെന്ന് പാർട്ടിയിൽ നിന്ന് രാജിവച്ച ശേഷം ടോം വടക്കൻ പ്രതികരിച്ചു. രാജ്യത്തിനെതിരായ കോൺഗ്രസിന്റെ നിലപാട് അംഗീകരിക്കാനാവില്ല. ഉപയോഗിച്ച ശേഷം വലിച്ചറിയുന്ന സ്ഥിതിയാണ് കോൺഗ്രസിലുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.