കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിന്റെ അന്വേഷണം എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കാത്തതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമാണിതെന്നും രാജ്യരഹസ്യങ്ങള്‍ പുറത്തു പോയിട്ടില്ലെന്ന് എന്തെങ്കിലും ഉറപ്പുണ്ടോയെന്നും സര്‍ക്കാരിനോട് കോടതി ചോദിച്ചു.
മുനമ്പം മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക പരാമര്‍ശങ്ങളാണ് ഹൈക്കോടതി നടത്തിയത്. കേസിന്റെ അന്വേഷണം എന്തുകൊണ്ടാണ് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കാത്തതെന്ന് കോടതി ചോദിച്ചു. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഗുരുതര വിഷയമാണിത്. നിലവിലെ അവസ്ഥയില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസിന് പരിമിതികള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍.
സംഭവം മനുഷ്യക്കടത്തല്ലെന്ന് എന്തടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് പറയുന്നതെന്നും കോടതി ചോദിച്ചു. മുനമ്പം മനുഷ്യക്കടത്തുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബോട്ടുടമ അനില്‍കുമാറടക്കം രണ്ട് പേരുടെ ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.
കേസില്‍ അന്വേഷണ സംഘം മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെ കോടതിയെ അറിയിച്ചു. പ്രതികള്‍ക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, ഫോറിനേഴ്സ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.