പത്തനംതിട്ട: പെരുന്തേനരുവി ഡാം തുറന്ന് വിട്ട സംഭവത്തില്‍ വന്‍ സുരക്ഷാവീഴ്ചയുണ്ടായതായി കെഎസ് ഇബിയുടെ റിപ്പോര്‍ട്ട്. ഡാമിന്റെ ഒരു ഷട്ടര്‍ പൂര്‍ണമായി തുറന്നിരുന്നെന്നും നദിയില്‍ ആളുകള്‍ ഇറങ്ങുന്ന സമയമായിരുന്നെങ്കില്‍ വലിയ അപകടം ഉണ്ടാകുമായിരുന്നുവെന്നും കെഎസ്ഇബി കലക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്കി. ഡാം തുറക്കുന്നതിനുള്ള റിമോട്ട് ടൈപ്പ് സ്വിച്ച് ഉപയോഗിച്ച് തുറന്ന് വിട്ടത് സുരക്ഷാവീഴ്ച വ്യക്തമാക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം, റാന്നി പെരുന്തേനരുവിയില്‍ ഡാം തുറന്നു വിട്ട സംഭവത്തില്‍ തഹസീല്‍ദാറും ഡാം സുരക്ഷാ അതോറിറ്റിയും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. ഗുരുതര സുരക്ഷാവീഴ്ച്ചയാണ് സംഭവിച്ചത് എന്നാണ് വിലയിരുത്തല്‍. സുരക്ഷാ ജീവനക്കാരനില്ലാത്തതാണ് പിഴവിന് കാരണമായത്. കഴിഞ്ഞ മൂന്ന് മാസമായി ഡാമിന് സെക്യുരിറ്റി ഇല്ല. ഇത് അറിയാവുന്നവരാണന്ന് ഇതിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
എന്നാല്‍ ഡാം തുറന്നു വിട്ട സംഭവത്തില്‍ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലും ഇന്ന് ഇവിടെ പരിശോധന നടത്തി. വേനല്‍ ആയതിനാല്‍ ഡാമില്‍ ജലനിരപ്പ് കുറവായിരുന്നത് അപകടം ഒഴിവായി. സംഭവത്തില്‍ പത്തനംതിട്ട കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. പെരുനാട് പോലീസും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.