കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപനം വൈകുന്നതിനെതിരെ വിമർശനവുമായി മുൻ കെപിസിസി അദ്ധ്യക്ഷൻ വി എം സുധീരൻ. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം വൈകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് വി എം സുധീരൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുന്നതിൽ ഇനി ഒട്ടും അമാന്തം അരുതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സിന് മികച്ച വിജയം നേടാൻ സാധിക്കുന്ന ഈ സാഹചര്യം സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ വൈകുന്നതിലൂടെ കളഞ്ഞ് കുളിക്കരുതെന്നും സുധീരൻ പറഞ്ഞു.
കേരളാ കോൺഗ്രസ്സിലെ സീറ്റ് തർക്കം മുറുകുന്ന സാഹചര്യത്തെയും സുധീരൻ വിമർശിച്ചു. പ്രശ്നങ്ങൾ ഇത്രത്തോളം വഷളാകുന്ന സാഹചര്യം ഒഴിവാക്കാൻ യുഡിഎഫ് ജാഗ്രത പുലർത്തണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ യുവാക്കൾ തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നു വരണമെന്ന് നിർദ്ദേശിച്ച സുധീരൻ, താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും വ്യക്തമാക്കി.