World

ന്യൂസ്‌ലൻഡിൽ ആക്രമണം നടത്തിയ ക്രിസ്ത്യൻ മതതീവ്രവാദിയുടെ ഇഷ്ടരാജ്യം ചൈന ; ഏഞ്ചല മെർക്കലും എർദോഗാനും ഹിറ്റ് ലിസ്റ്റിൽ ; യൂറോപ്പിലെ മുസ്ലിം കുടിയേറ്റം പ്രധാനഭീഷണി ; ഭീകരനാക്കിയത് സ്റ്റോക്ക്‌ഹോമിലെ ഐഎസ് ആക്രമണം

ക്രൈസ്റ്റ്ചർച്ച് : ക്രൈസ്റ്റ്ചർച്ചിൽ ലോകം ഞെട്ടിത്തരിച്ച ഭീകരാക്രമണം നടത്തിയ ക്രിസ്ത്യൻ മതതീവ്രവാദി ബ്രെൻടൺ ടെറന്റ് ഇഷ്ടരാജ്യമായി തെരഞ്ഞെടുക്കുന്നത് കമ്യൂണിസ്റ്റ് ചൈനയെ. ലോകം ഭരിക്കുന്ന രാജ്യമായി മാറിക്കൊണ്ടിരിക്കുന്ന ചൈനയുടെ രാഷ്ട്രീയവും നയങ്ങളും സംസ്കാരവുമാണ് തന്നെ സ്വാധീനിച്ചതെന്ന് 74 പേജ് വരുന്ന കുറിപ്പിൽ ടെറന്റ് ചൂണ്ടിക്കാട്ടുന്നു. വൈവിദ്ധ്യം ഇല്ലാത്തതാണ് ചൈനയെപ്പോലെയുള്ള രാജ്യങ്ങളുടെ ഏറ്റവും വലിയ വിജയമെന്നും ടെറന്റ് വ്യക്തമാക്കുന്നു.

യൂറോപ്പിൽ നടക്കുന്ന മുസ്ലിം കുടിയേറ്റമാണ് ആയുധമെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും ഇയാൾ പറയുന്നു. യൂറോപ്യന്മാരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ് . കുടിയേറ്റക്കാർക്ക് വളരെ ഉയർന്ന ജനനനിരക്കാണുള്ളത്. എന്നാൽ യൂറോപ്യന്മാർ ഇക്കാര്യത്തിൽ വളരെ പിറകിലാണ്. ഇത് യൂറോപ്യന്മാരെ ന്യൂനപക്ഷമാക്കുമെന്നും സ്വന്തം നാട്ടിൽ നിന്ന് ഓടേണ്ട അവസ്ഥയുണ്ടാക്കുമെന്നുമാണ് ഭീകരന്റെ നിലപാട്.

ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ , തുർക്കി പ്രസിഡന്റ് എർദോഗാൻ , ലണ്ടൻ മേയർ സാദിഖ് ഖാൻ എന്നിവരെ കൊല്ലാനും ലഘുലേഖയിൽ ഇയാൾ ആഹ്വാനം ചെയ്യുന്നുണ്ട്.കുടിയേറ്റക്കാരെ സ്വീകരിക്കുന്നതാണ് മെർക്കലിനെതിരെ നിലപാടെടുക്കാൻ കാരണം. തുർക്കികൾ യൂറോപ്പിൽ അധിനിവേശം നടത്തുന്നുവെന്നും എർദോഗാനാണ് ഇതിനു പിന്നിലെന്നും ഇയാൾ ആരോപിക്കുന്നു. പാകിസ്ഥാനി മുസ്ലിം ആയ സാദിഖ് ഖാൻ ലണ്ടനിലെ ജനങ്ങളെ ഭരിക്കുന്നത് അധിനിവേശം ആണെന്നും ഭീകരൻ ചൂണ്ടിക്കാട്ടുന്നു. കുരിശു യുദ്ധത്തിലെ പ്രധാന സൈനിക വിഭാഗമായിരുന്ന നൈറ്റ്സ് ഓഫ് റ്റെമ്പ്ലാറിൽ നിന്ന് അനുഗ്രഹം നേടിയെന്നും ഭീകരൻ ലഘുലേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.

തന്നെ ഭീകരനാക്കിയത് സ്റ്റോക്ക്‌ഹോമിൽ ഐഎസ് നടത്തിയ ആക്രമണമാണെന്നും ഇയാൾ വ്യക്തമാക്കുന്നുണ്ട്. 2017 ഏപ്രിലിൽ ഐഎസ് ഭീകരർ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റി നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ഇത് താൻ നേരിട്ട് കണ്ടെന്നും അതാണ് ആയുധമെടുക്കാൻ പ്രേരിപ്പിച്ചതെന്നും ഇയാൾ വ്യക്തമാക്കുന്നു. എബ്ബ അകെർലുന്ദ് എന്ന പെൺകുട്ടിയെ ഐഎസ് ഭീകരൻ കൊന്നത് തന്നെ വേദനിപ്പിച്ചുവെന്നും ഇയാളിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖയിൽ പറയുന്നു. താനൊരേ സമയം വലതുപക്ഷവാദിയും ഇടതുപക്ഷവാദിയുമാണെന്നും ഭീകരൻ അവകാശപ്പെടുന്നുണ്ട്.

വെള്ളക്കാരന്റെ വംശാഭിമാനമാണ് കുറിപ്പിൽ പ്രധാനമായും ഉന്നയിക്കുന്നത്. യൂറോപ്പ് യൂറോപ്യന്മാർക്ക് നഷ്ടമാകുന്നുവെന്നും കുടിയേറ്റക്കാരെ പുറത്താക്കണമെന്നും ഭീകരൻ ആവശ്യപ്പെടുന്നു.തുർക്കികൾ അവരുടെ രാജ്യത്ത് താമസിച്ചാൽ തങ്ങൾ ആക്രമിക്കില്ലെന്നും എന്നാൽ യൂറോപ്പിലേക്ക് കടന്നുകയറാൻ ശ്രമിച്ചാൽ എതിർക്കുമെന്നും വ്യക്തമാക്കുന്ന ടെറന്റ് കോൺസ്റ്റാന്റിനോപ്പിൾ ആക്രമിച്ച് പള്ളികൾ തകർത്ത് ക്രിസ്ത്യൻ ഭരണം കൊണ്ടുവരുമെന്നും ഭീഷണി ഉയർത്തുന്നുണ്ട്.യൂറോപ്പ് യൂറോപ്യന്മാർക്കാണെന്ന വാദമുയർത്തുന്ന ഭീകരൻ എവിടെനിന്ന് വന്നവരായാലും പുറത്തുള്ളവരെ ഒഴിവാക്കണമെന്നാണ് ആവശ്യപ്പെടുന്നത് .

ക്രൈസ്റ്റ് ചർച്ചിലെ അൽ നൂർ മോസ്കിലും ലിൻവുഡ് സബർബിലെ മോസ്കിലുമാണ് ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം നടന്നത്. 49 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ത്യൻ വംശജരായ ഒൻപത് പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്.

5K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close