കൊല്‍ക്കത്ത: ബംഗാളിലെ ഇടത് കോണ്‍ഗ്രസ് ധാരണ വീണ്ടും പ്രതിസന്ധിയില്‍. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ ഇടതുമുന്നണി 25 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കിയിരുന്നു. കോണ്‍ഗ്രസ് മത്സരിക്കണമെന്ന ആവശ്യപ്പെട്ട ചില മണ്ഡലങ്ങളിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. സിറ്റിംഗ് സീറ്റുകളില്‍ പരസ്പരം മത്സരിക്കില്ലെന്നാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയായത്.
ഇടത് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്നത് മുന്പാണെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമന് മിത്ര ആരോപിച്ചു. പുരുലിയ, ബഷീര്‍ഹട്ട് സീറ്റുകള്‍ തങ്ങള്‍ക്ക് വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായി സോമന് മിത്ര പറഞ്ഞു. ഈ സീറ്റുകള്‍ വിട്ട് നല്കി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ റായ് ഗഞ്ചിലും, മൂര്‍ഷിദാബാദിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. വിഷയത്തില്‍ ബിമന്‍ ബോസും സിപിഎമ്മുമായി മാത്രമേ ചര്‍ച്ചയ്ക്കുള്ളു എന്നും സോമന് മിത്ര വ്യക്തമാക്കിയിട്ടുണ്ട്. പുരുലിയക്കും ബഷീര്ഹട്ടിനും പുറമെ കോണ്‍ഗ്രസ് ആവശ്യപ്പെട്ട ബറാസാത് മണ്ഡലത്തിലും ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസിന് 17 സീറ്റ് നീക്കി വച്ചാണ് സിപിഎം നേതൃത്വത്തിലുള്ള മുന്നണി പട്ടിക പുറത്തിറക്കിയത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച 25 മണ്ഡലങ്ങള്‍ ഒഴികെയുള്ള 17 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസോ ഇടതുമുന്നണിയോ മത്സരിക്കുമെന്നാണ് ഇടത്മുന്നണി ചെയര്മാന് ബിമന്‍ ബോസ് വ്യക്തമാക്കിയത്. പുരുലിയ, ബറാസാത് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും മത്സരിച്ചേക്കുമെന്നും ബിമന്‍ ബോസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേളയില്‍ പറഞ്ഞിരുന്നു.
ഇതാദ്യമായാണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം കോണ്‍ഗ്രസുമായി സീറ്റ് പങ്കിട്ട് മത്സരിക്കുന്നത്. അതേസമയം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ധാരണയിലാണ് മത്സരിച്ചത്.