തിരുവനന്തപുരം: ചൂടില്‍ വിയര്‍ത്തൊലിക്കുന്ന കേരളം വരും ദിവസങ്ങളില്‍ എരി തീയില്‍ ഉരുകും. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ചൂട് ശരാശരിയില്‍ നിന്നും കൂടുവാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ താപനില വര്‍ദ്ധിക്കാമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഫെബ്രുവരി ആദ്യവാരം മുതലാണ് കേരളത്തിലെ അന്തരീക്ഷ താപനിലയില്‍ വര്‍ദ്ധനവുണ്ടായത്.കഴിഞ്ഞ ഒരാഴ്ച കേരളത്തിലെ താപനിലയില്‍ 3 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ദ്ധനവാണുണ്ടായത്.മാര്‍ച്ച് 16,17,തീയതികളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 2 മുതല്‍ മൂന്ന് ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുള്ളതായി കലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഏപ്രില്‍,മെയ് മാസങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ അഞ്ച് ഡിഗ്രി സെഷഷ്യസ് വരെ താപനില വര്‍ദ്ധിക്കും. നിലവില്‍ അനുഭവപ്പെടുന്ന ചൂട് മെയ് മാസം വരെ തുടരും. കഴിഞ്ഞ 20 വര്‍ഷത്തെ ശരാശരിയില്‍ ഏറ്റവും അധികം ചൂടനുഭവപ്പെട്ടത് പോയ നാല് വര്‍ഷങ്ങളിലാണ്.മാര്‍ച്ച് മാസം അവസാനിക്കുന്നതോടെ വേനല്‍ മഴ ലഭിച്ചാല്‍ മാത്രമേ ചൂട് കുറയൂ എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്ക് കൂട്ടുന്നത്.
നിലവില്‍ ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെടുന്നത് കോഴിക്കോട്,ആലപ്പുഴ ,തിരുവനന്തപുരം,കോട്ടയം എന്നീ ജില്ലകളിലാണ്.ചൂട് കൂടിയ സാഹചര്യത്തില്‍ രണ്ട് മാസത്തേക്ക് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ലേബര്‍ കമ്മീഷന് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ പല ഇടങ്ങളിലും തൊഴിലാളികള്‍ ഈ സമയങ്ങളില്‍ പണിയെടുക്കുന്നത് പതിവ് കാഴ്ചയാണ്.