ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിലെ രണ്ട് മുസ്ലീംപള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഇന്ന് നാട്ടില്‍ തിരിച്ചെത്തും. ഉച്ചയോടെയാകും ടീം അംഗങ്ങള്‍ നാട്ടില്‍ തിരിച്ചെത്തുക. ടെസ്റ്റ് മത്സരത്തിന്റെ ഭാഗമായമാണ് ബംഗ്ലാദേശ് ടീം ഇവിടെയെത്തിയത്.
ആക്രമണസമയത്ത് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പള്ളിക്ക് സമീപത്ത് ഉണ്ടായിരുന്നു. ഇവര്‍ പള്ളിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പാണ് അപകടമുണ്ടായത്. ഉടനെ തന്നെ ഇവരെ തിരികെ ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ബംഗ്ലാദേശ്-ന്യൂസിലന്‍ഡ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം റദ്ദാക്കുകയായിരുന്നു. ഇരു രാജ്യങ്ങളുടേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സംയുക്തമായാണ് മത്സരം റദ്ദാക്കാന്‍ തീരുമാനിച്ചത്. ശനിയാഴ്ചയായിരുന്നു ഹെഗ്ലി ഓവല്‍ ടെസ്റ്റ് തുടങ്ങേണ്ടിയിരുന്നത്.
ആക്രമണത്തില്‍ നിന്ന് തങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് ബംഗ്ലാദേശ് ടീമിനൊപ്പമുണ്ടായിരുന്ന ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോ പ്രതിനിധി മുഹമ്മദ് ഇസാം പ്രതികരിച്ചിരുന്നു. ഞങ്ങള്‍ ഭാഗ്യമുള്ളതുകൊണ്ടാണ് രക്ഷപ്പെട്ടത്. ഇനിയും ഇങ്ങനെയൊരു കാഴ്ച കാണാന്‍ ഇടവരുത്തരുതേയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും ഇസാം ട്വീറ്റ് ചെയ്തു.
തങ്ങള്‍ പള്ളിയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങുമ്പോള്‍ ഒരു സ്ത്രീ വന്ന് തങ്ങളെ തടഞ്ഞുവെന്നും അതിനാലാണ് രക്ഷപ്പെട്ടതെന്നും ഇസാം റിപ്പോര്‍ട്ട് ചെയ്യുന്നു. പള്ളിയുടെ പരിസരത്തുനിന്ന് ബംഗ്ലാദേശ് ടീം രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും മുഹമ്മദ് ഇസാം തന്റെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ദൈവത്തിന് സ്തുതി, മരണത്തില്‍ നിന്ന് ദൈവം ഞങ്ങളെ രക്ഷപ്പെടുത്തിയിരിക്കുന്നുവെന്ന് ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റനും ബാറ്റ്സ്മാനുമായ മുഷ്ഫിഖര്‍ റഹീം ട്വീറ്റ് ചെയ്തു. ഹൃദയം നിലച്ചുപോയേക്കാവുന്ന അവസ്ഥയായിരുന്നെന്നും എല്ലാവരും പരിഭ്രാന്തിയിലാണെന്നുമായിരുന്നു ബംഗ്ലാദേശിന്റെ സ്ട്രാറ്റെജിക് അനലിസ്റ്റ് ശ്രീനിവാസ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു.