ശ്രീനഗര്‍: തീവ്രവാദികള്‍ക്ക് പണം എത്തിക്കുന്നത് തടയാനായി ജമ്മു കശ്മീരില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. ഇന്നലെ കശ്മീരിലെ 5 കേന്ദ്രങ്ങളിലും ജമ്മുവിലെ ചില കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി.
റെയ്ഡില്‍ കണക്കില്‍പെടാത്ത 1.44 കോടി രൂപയും 2.48 കോടി വിലവരുന്ന ആഭരണങ്ങളും പിടിച്ചെടുത്തതായി അധികൃതര്‍ വെളിപ്പെടുത്തി. കൂടാതെ 41 കോടി രൂപയുടെ അനധികൃത വസ്തുവകകള്‍ കൈമാറ്റം ചെയ്തതിന്റെ രേഖകളും 17 കോടിയുടെ അനധികൃത പണമിടപാടുകളുടെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. നികുതി വെട്ടിപ്പിന്റെ തെളിവുകളടങ്ങുന്ന ഹാര്‍ഡ് ഡിസ്ക്കുകളും മറ്റ് സാങ്കേതിക തെളിവുകളും കേന്ദ്രങ്ങളില്‍ നിന്നും സംഘത്തിന് ലഭിച്ചിട്ടുണ്ട്.
റെയ്ഡില്‍ ലഭിച്ച രേഖകളില്‍ നിന്നും നിയമവിരുദ്ധമായി വസ്തുവകകളും പണവും കൈമാറ്റം ചെയ്തവരുടെ വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് മുതിര്‍ന്ന ഓഫീസര്‍ പറഞ്ഞു. ഇടപാടുകള്‍ മിക്കതും ബിനാമി വഴിയാണ് നടത്തുന്നതെന്നും ഇവരെ സംബന്ധിക്കുന്ന തെളിവുകളും രേഖകളില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീനഗറിലെ ട്രേഡ് ഫെസിലിറ്റേഷന്‍ സെന്ഡറിലൂടെ അതിര്‍ത്തിയില്‍ നിന്നും നികുതി വെട്ടിച്ചതിന് മേലുള്ള അന്വേഷണവും നടക്കുന്നുണ്ട്. തീവ്രവാദികള്‍ക്ക് പണമെത്തിക്കുന്ന ഒരു റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാന്റെ കേന്ദ്രത്തിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. നികുതി വെട്ടിച്ച് വസ്തു ഇടപാടിലൂടെ ഇയാള്‍ നേടിയ 4.21 കോടി രൂപയുടെ തെളിവുകളും അധികൃതര്‍ക്ക് ലഭിച്ചു. ഇയാളുടെ പക്കല്‍ നിന്നും 2 ഹാര്‍ഡ് ഡിസ്ക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. നികുതിയിനത്തില്‍ വന്‍ ക്രമക്കേടുകള്‍ നടത്തിയ ഒരു ബാറിനെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്.
അതേസമയം, കശ്മീരിലെ ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പും നിരീക്ഷണത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
കശ്മീരില്‍ വര്‍ദ്ധിച്ച് വരുന്ന തീവ്രവാദ സാന്നിധ്യത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ഇവര്‍ക്ക് പണം എത്തിക്കുന്നത് തടയാനുമാണ് റെയ്ഡ് തുടരുന്നത്.