കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കല്ല്യോട് കണ്ണോത്ത് സ്വദേശി രഞ്ജിത്ത് ആണ് കസ്റ്റഡിയിലുള്ളത്. പ്രതികള്‍ക്ക് സഹായം നല്കിയ ആളാണ് രഞ്ജിത്തെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
കഴിഞ്ഞ മാസമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലിനെയും കൃപേഷിനെയും നടുറോഡില്‍ വച്ച് വെട്ടിക്കൊന്നത്. സംഭവത്തില്‍ സിപിഎം നേതാവ് പീതാംബരന് അടക്കമുള്ള സംഘത്തെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി തുടക്കം മുതല്‍ തന്നെ യുവാക്കളുടെ വീട്ടുകാരും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ കൊല്ലപ്പെട്ട യുവാക്കളുടെ വീട്ടുകാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.