ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തുടങ്ങിയവർ മത്സരിക്കില്ല. ഡൽഹിയിൽ നടന്ന സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമായത്. മത്സരിക്കുന്നില്ലെന്ന കാര്യം മുല്ലപ്പള്ളി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇടുക്കി വയനാട് സീറ്റുകളിൽ തർക്കം തുടരുകയാണ്. ഇടുക്കിയിൽ കോൺഗ്രസ് തന്നെ മത്സരിക്കുമെന്നും അത് പിജെ ജോസഫിന് കൊടുക്കില്ലെന്നും ഇന്നലെത്തന്നെ മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു. ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഡീൻ കുര്യാക്കോസിനാണ് സാധ്യത.
തീരുമാനമാകാത്ത മറ്റൊരു മണ്ഡലം വടകരയാണ്. ഇവിടെ പുതുമുഖത്തെ മത്സരിപ്പിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിന് നറുക്കുവീഴും. ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാനും എറണാകുളത്ത് കെവി തോമസും സ്ഥാനാർത്ഥിയാകും.
ഇന്ന് വൈകുന്നേരം 6.30ന് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.